മകൾ ദിയ കൃഷ്ണയുടെ പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി അനുഭവങ്ങൾ പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. അമ്മൂമ്മ ആയെന്ന് വിശ്വസിക്കാൻ തനിക്കോ, അമ്മ ആയെന്ന് വിശ്വസിക്കാൻ ദിയക്കോ കഴിഞ്ഞിട്ടില്ലെന്നും പുതിയ അംഗം വന്നതിന്റെ ആകാംക്ഷയിലാണ് വീട്ടുകാരെല്ലാമെന്നും സിന്ധു പറയുന്നു. കുഞ്ഞു വന്ന ശേഷമുള്ള കാര്യങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളും വീട്ടിലെ ആളുകളുടെ സന്തോഷവും തുടങ്ങിയ എല്ലാ വിശേഷങ്ങളും പുതിയ വ്ലോഗിലൂടെ സിന്ധു പങ്കുവയ്ക്കുന്നു.
‘‘പ്രസവത്തിനു ആശുപത്രിയിൽ വരുമ്പോഴുള്ള സാഹചര്യങ്ങളും അനുഭവങ്ങളുമൊക്കെ പണ്ടത്തേക്കാൾ ഒരുപാട് മാറിയിട്ടുണ്ട്. പതിനെട്ടു വർഷങ്ങൾക്ക് മുൻപുള്ള അനുഭവത്തിൽ നിന്ന് കാലം മാറിയപ്പോൾ സൗകര്യങ്ങളും ഒരുപാട് മാറി. ഇന്റർനാഷ്നൽ ആശുപത്രികളിൽ കിട്ടുന്ന വളരെ നല്ല സൗകര്യങ്ങളൊക്കെ ഈ ആശുപത്രിയിൽ കിട്ടുന്നുണ്ട്. പിന്നെ നമ്മുടെ നാട്ടിൽ ആകുമ്പോൾ ഉള്ള പ്രത്യേകത, നമുക്ക് പരിചയമുള്ള ധാരാളം ആൾക്കാരുണ്ട്, നമ്മളെ പരിചയമുള്ളവരും ഒരുപാട് ഉണ്ട്. അപ്പോൾ വ്യക്തിപരമായി കിട്ടുന്ന ഒരു പരിചരണം വളരെ കൂടുതൽ ആയിരിക്കും.പ്രസവം നടക്കുന്നിടത്ത് കുടുംബം മുഴുവൻ നിൽക്കുന്നതെങ്ങനെ എന്നായിരുന്നു ഓസിയുടെ വിഡിയോ കണ്ട് ഒരുപാട് പേര് സംശയം. ഓസി അത് അവളുടെ വിഡിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഓസിയുടെ പ്രസവം നടന്നത് ലേബർ സ്വീറ്റ് റൂമിൽ ആണ്. ഈ ഹോസ്പിറ്റലിൽ ഇതുപോലെ രണ്ട് റൂം ഉണ്ട്. അത് പ്രസവം നടക്കുന്ന ഓപ്പറേഷൻ തിയറ്ററിന്റെ ഫ്ലോറിൽ തന്നെയാണ്. പ്രസവം നടക്കുമ്പോൾ നമ്മുടെ കുടുംബം കൂടെ വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് ഈ റൂം എടുക്കാൻ പറ്റും. ഈ റൂമിനെക്കുറിച്ച് ഞങ്ങൾ അറിയുന്നത് അമ്മുവിന്റെ (അഹാന) സുഹൃത്ത് പറഞ്ഞാണ്. അമ്മുവിന്റെ സുഹൃത്ത് സേറ മകനെ പ്രസവിച്ചത് ഇവിടെയാണ്. ആരെങ്കിലും പറഞ്ഞാണല്ലോ ഇതൊക്കെ നമ്മൾ അറിയുന്നത്
അന്ന് സേറ ഒരു റീല്‍ പോസ്റ്റ് ചെയ്തത് ഞങ്ങൾ കണ്ടിരുന്നു. ഓസി ഗർഭിണി ആയപ്പോൾ ഇവിടെ ഇങ്ങനെ സൗകര്യം ഉള്ളതുകൊണ്ട് ഇത് എടുക്കാം എന്ന് തീരുമാനിച്ചിരുന്നു. പണ്ട് ഞാനൊക്കെ ഡെലിവറിക്കു പോകുമ്പോൾ അവിടെ കിച്ചുവിന്റെ അച്ഛന്റെ സഹോദരി ഒരു ഡോക്ടർ ഉണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്ക് വേദന എടുത്തു കിടക്കുമ്പോൾ കിച്ചുവിനെയും എന്റെ അമ്മയെയും ഒക്കെ ഇടക്കൊന്ന് എന്നെ കാണിക്കുന്നുണ്ടായിരുന്നു. പിന്നെ പ്രസവം കഴിഞ്ഞ ഉടനെ അവരെ അകത്തൊക്കെ വന്നു കാണാൻ സമ്മതിച്ചു. അല്ലാതെ പ്രസവത്തിന് എന്റെ കൂടെ ആരും ഇല്ലായിരുന്നു.
പക്ഷേ അവിടെ ആരെങ്കിലും വേണം, നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ കൂടെ വേണമെന്ന് ഞാനൊക്കെ ഭയങ്കരമായി ആഗ്രഹിച്ചിട്ടുണ്ട്. ഓസി പ്രസവിച്ചപ്പോൾ ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു, ഞാൻ നാല് പ്രാവശ്യം പ്രസവിച്ചിട്ടുണ്ടെങ്കിലും അവിടെ നടക്കുന്ന കലാപരിപാടികൾ എന്താണെന്ന് എനിക്ക് വലിയൊരു അറിവില്ല. ഡെലിവറി വിഡിയോസ് ഒക്കെ യൂട്യൂബിൽ ഉണ്ടെങ്കിലും, ഞാൻ അങ്ങനത്തെ വിഡിയോസ് കാണാൻ ശ്രമിച്ചിട്ടേ ഇല്ല. പക്ഷേ ഇത് എനിക്ക് ലൈവ് ആയി കാണാൻ കഴിഞ്ഞു, അതൊരു മാജിക്കൽ ആയ അനുഭവം ആയിരുന്നു. ഓസിക്ക് വേദന വരാതിരിക്കാനുള്ള ഇൻജക്ഷൻ എടുത്തിട്ടുള്ളതുകൊണ്ട് അത്ര ഭയങ്കരമായി അവൾ കഷ്ടപ്പെട്ടില്ല. അവൾക്ക് ഇൻജക്ഷൻ തന്നെ ഭയങ്കര പേടിയാണ്. മണിക്കൂറുകൾ കുറെ എടുത്തെങ്കിലും പ്രസവം എന്ന പ്രക്രിയ വളരെ സുഗമമായിരുന്നു. ഈ ആശുപത്രിയിലെ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.
ഈ ആശുപത്രി കെട്ടിടത്തിൽ കയറിയാൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനകത്ത് കേറിയ പ്രതീതിയാണ്. നമുക്ക് താങ്ങാൻ പറ്റാത്ത റേറ്റ് അല്ല ഇവിടെ. ലേബർ സ്വീറ്റ് റൂമിനു ഒരു ദിവസം 12000 രൂപ ആണ്. വെളിയിൽ കാണുന്നവർക്ക് ഇവിടെ ഭയങ്കര റേറ്റ് ആണോ എന്ന് തോന്നും. പക്ഷേ അതൊന്നും അല്ല. സാധാരണ പ്രസവം നടക്കുന്ന ആശുപത്രിയിൽ നിന്ന് ഒരു മുപ്പത് മുതൽ നാൽപ്പതിനായിരം രൂപയുടെ വ്യത്യാസമേ ഉള്ളൂ. ഇത്തരം ഒരു സൗകര്യം ഉള്ളതുകൊണ്ട് പ്രസവിക്കാൻ കിടക്കുന്ന കുട്ടിക്കും അവളുടെ കുടുംബത്തിനും കിട്ടുന്ന സമാധാനം വളരെ വലുതാണ്. ഇവിടെ ഓസിയെ നോക്കിയ ഡോക്ടറിനും മോളെ പരിചരിച്ച നഴ്‌സ്മാർക്കും ഒരുപാട് നന്ദി. വളരെ സ്നേഹത്തോടെയും കരുതലോടുമാണ് അവർ ഓസിയെ നോക്കിയത്.’’–സിന്ധു കൃഷ്ണ പറയുന്നു.









