ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്.
ഇപ്പോഴിതാ മറ്റുള്ളവർ വിചാരിക്കുന്നത്ര സുഖമുള്ള ജീവിതമൊന്നുമല്ല തന്റേതെന്നും അമ്മ ഇപ്പോഴും ജോലിക്കൊക്കെ പോകുന്ന ആളാണെന്നും തുറന്നു പറയുകയാണ് തരാം. അതുപോലെ തന്റെ പേഴ്സണൽ സ്‌പേസ് തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും സിനിമയ്ക്ക് പോകുകയോ, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകുകയോ ഒക്കെ ചെയ്യുമ്പോൾ ഫോട്ടോ വന്ന് ചോദിച്ചാൽ ചിലപ്പോൾ താൻ സമ്മതിക്കില്ലെന്നും താരം പറയുന്നു.
‘ഞാനൊക്കെ മിഡിൽ ക്ലാസ് ആണ്. എന്റെ അമ്മ ഇപ്പോഴും ജോലിക്കൊക്കെ പോകുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നത്ര സുഖമുള്ള ജീവിതമൊന്നുമല്ല. അഞ്ച് ദിവസത്തിൽ കൂടുതൽ വീട്ടിൽ നിന്നാൽ ആൾക്കാർ വിചാരിക്കുക നമ്മൾ ഫീൽഡ് ഔട്ടായെന്നാണ്. ആരെങ്കിലും ഇങ്ങനെ പറഞ്ഞെന്ന് പറയുമ്പോൾ ഞാൻ അമ്മയോട് പറയും, അമ്മേ നിങ്ങൾക്ക് സന്തോഷമുള്ളപ്പോൾ ആരും വന്ന് ചോദിച്ചില്ലല്ലോ എന്ന്. നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നെന്ന് ആരും പറഞ്ഞില്ലല്ലോ. ബുദ്ധിമുട്ടുവരുമ്പോഴാണ് ആളുകൾ വന്ന് ഉറപ്പിക്കുക. നമ്മുടെ വീട്ടിൽ കറണ്ട് ഇല്ല അപ്പുറത്തെ വീട്ടിലും ഇല്ലല്ലോ എന്ന് പറയില്ലേ അതുപോലെ. പൊതുവെ നമ്മുടെ നാട്ടുകാരൊക്കെ അടിപൊളിയാണ്. അവരുടെ ഒരു നിഷ്‌കളങ്കതയും ഉണ്ട് അതിൽ. പൊതുവെ സിനിമയിൽ നിന്നുള്ളവരെ കണ്ടാൽ എന്താ ചോദിക്കുകയെന്ന് അവർക്കറിയില്ല.’- നിഖില വ്യക്തമാക്കി.