Spread the love

പാലക്കാട് ∙ ക്രിപ്റ്റോ കറൻസിയായി പണം നിക്ഷേപിച്ചു വൻ ലാഭം നേടാം എന്നു വിശ്വസിപ്പിച്ചു മണി ചെയിൻ മാതൃകയിൽ 1.5 കോടി രൂപ തട്ടിയ കേസിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് ടൗണിൽ ഐശ്വര്യ നിവാസിൽ ആർ.മിഥുൻദാസിനെ (35) ആണു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ള 130 പേരിൽനിന്ന് ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നാണു പരാതി .

മിഥുൻദാസിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണു നിക്ഷേപകർ പണം കൈമാറിയിരുന്നത്. നിക്ഷേപകരോടു കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. പണം ഈ കമ്പനിയിൽ ക്രിപ്റ്റോ കറൻസിയായി നിക്ഷേപിച്ചെന്നു മിഥുൻദാസ് നിക്ഷേപകരെ അറിയിക്കും. പണം നിക്ഷേപിച്ചതിന്റെ തെളിവിനായി ചില രേഖകളും കൈമാറും. പണവും ലാഭവിഹിതവും തിരികെക്കിട്ടാൻ കൂടുതൽ ആളുകളെ ചേർക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണു മണി ചെയിൻ തട്ടിപ്പാണെന്നു മനസ്സിലാവുക. ചിലർ കുറച്ച് ആളുകളെ ചേർത്തിട്ടുണ്ട്. അവരും പരാതിയുമായി എത്തി. മിഥുൻദാസിന്റെ കല്ലേപ്പുള്ളിയിലെ വീട്ടിൽ നിന്ന് വിലകൂടിയ രണ്ട് കാറുകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. ബാനിങ് ഓഫ് അൺറഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്സ്) നിയമപ്രകാരം പ്രതിയുടെ സ്വത്തു കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചതായും ഇൻസ്പെക്ടർ ഷിജു ഏബ്രഹാം അറിയിച്ചു. തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ആഡംബര ഹോട്ടലുകളിലും മറ്റും മോട്ടിവേഷൻ ക്ലാസ് നടത്തിയാണു നിക്ഷേപകരെ ആകർഷിച്ചിരുന്നത്. ഇതിനായി പരിശീലനം ലഭിച്ചവർ തട്ടിപ്പ് സംഘങ്ങളിലുണ്ട്. ക്ലാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും. കമ്പനിയിൽ ചേരാനുള്ള ലിങ്കും ഇതിനൊപ്പം കൊടുക്കും. നിക്ഷേപകരെ ചേർത്തു സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. മൂവായിരത്തിലേറെ അംഗങ്ങളുണ്ട്. പദ്ധതിയിൽ ആളുകളെ ചേർക്കുന്നവർക്കു ചെറിയ സമ്മാനങ്ങളും നൽകും. വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കോടതി മിഥുൻദാസിനെ റിമാൻഡ് ചെയ്തു.

Leave a Reply