
സംസ്ഥാനത്ത് ആകാശത്തുനിന്നും റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രോണില്‍ എഐ ക്യാമറകള്‍ ഘടിപ്പിച്ച് നിയമലംഘകരെ പിടികൂടാനും അപകടങ്ങള്‍ ഇല്ലാതാക്കാനുമാണ് നീക്കം. സംസ്ഥാനത്ത് നിലവില്‍ 700 ഓളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങള്‍ കൂടുതലായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
റോഡിലെ ഗതാഗത നിയമലംഘനങ്ങള്‍ തടയാനായി മൂന്നു മാസം മുമ്ബാണ് സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ആകാശത്തും ക്യാമറക്കണ്ണുകള്‍ ഉണ്ടാകും എന്നത് ഉള്‍പ്പെടെ കൂടുതല്‍ പരിഷ്‍കാരങ്ങളിലേക്ക് ഗതാഗത വകുപ്പ് കടക്കുന്ന കാര്യം ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് ഐ പി എസ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഡ്രോണില്‍ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്നാണ് ശ്രീജിത്ത് ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രെപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കുന്നു. നിലവിലെ എഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ പറയുന്നു.