മലയാള സിനിമയിലെ മികച്ച നടിമാർ ആരൊക്കെയാണെന്ന് പ്രേക്ഷകരോട് ചോദിച്ചാൽ മിക്കവരും ഒരേപോലെ പറയുന്ന ഉത്തരങ്ങളാണ് ഉർവശി, ശോഭന, മഞ്ജുവാര്യർ എന്ന്. അഭിനയത്തിൽ സജീവമാക്കുന്ന കാര്യത്തിലും, വേറിട്ട കഥാപാത്രങ്ങൾ ലഭിക്കുന്നതിലും,മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിലും പല മുതിർന്ന നടിമാരും വീണുപോയപ്പോഴും കാലം നീളും തോറും മാറ്റുകൂട്ടുന്ന പൊന്നായി ഉർവശി അവശേഷിക്കുകയായിരുന്നു. പുതുതലമുറയിലെ സിനിമാക്കാർ പോലും ഉർവശിയിലെ അഭിനയ പ്രതിഭയെ കൂടുതൽ കൂടുതൽ പുറത്തെടുക്കാനുള്ള അതീവ പരിശ്രമത്തിലാണ്.
ഇന്നും മലയാളത്തിൻറെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് പലരും വിശേഷിപ്പിക്കുന്നത് ഉർവശി തന്നെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ സിനിമകളിലെ തിരഞ്ഞെടുപ്പ് കൊണ്ടും ഏതു കടുകട്ടി വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള താരത്തിൻറെ അസാമാന്യ കഴിവുകൊണ്ടും മലയാള സിനിമയ്ക്ക് നിഷേധിക്കാനാവാത്ത താരപദവി നേടിയെടുത്തിരിക്കുകയാണ് ഉർവശി.മലയാളികൾക്ക് മാത്രമല്ല ഉർവ്വശി പ്രിയപ്പെട്ട നടിയായിട്ടുള്ളത്. തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നാകെ തൻറെ അഭിനയ പ്രതിഭ കൊണ്ട് ഞെട്ടിച്ച നടിയാണ് ഉർവശി.
മലയാളത്തിലും തമിഴ്ലും തെലുങ്കിലും കന്നഡയിലും താരത്തിന് ആരാധകരുണ്ട്.ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ഒരു സിനിമയെക്കുറിച്ചും അത് തന്റെ കുടുംബം കാണാൻ കൂട്ടാക്കാത്തതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി.
അഭിനയ ജീവിതത്തിൽ എന്നെ ഒരുപാട് വിഷമിപ്പിച്ച സിനിമ ഉള്ളൊഴുക്കായിരുന്നു. അന്ന് അഭിനയിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ മനസിൽ വീർപ്പുമുട്ടലാണ്. എന്റെ അമ്മയും ചേച്ചിയും ആ സിനിമ കണ്ടിട്ടില്ല. സാധാരണ ഭർത്താവ് ഞാൻ അഭിനയിച്ച സിനിമകൾ ഒന്നിലധികം പ്രാവശ്യം കാണുന്നതാണ്. അദ്ദേഹം ആ സിനിമ രണ്ടാമത് കാണാൻ തയ്യാറായിട്ടില്ല. എല്ലാവരെയും സങ്കടപ്പെടുത്തുന്ന സിനിമയാണത്’-ഉർവശി പറഞ്ഞു.