മോഹൻലാൽ നായകനായി എം.ടി വാസുദേവൻ നായരുടെ രചനയിൽ വി എ ശ്രീകുമാർ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘രണ്ടാമൂഴം’. സിനിമ വൈകിയതോടെ ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കേസായി. കഴിഞ്ഞ മാസം ഈ കേസ് ഒത്തുതീർപ്പായി.ഇപ്പോഴിതാ ‘രണ്ടാമൂഴം’ തിരക്കഥയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് എം.ടി. തിരക്കഥയിൽ താൻ നാല് കഥാപാത്രങ്ങളെ വികസിപ്പിച്ചെടുത്തു എന്ന് എം. ടി വാസുദേവൻ നായർ പറയുന്നു.
എം.ടിയും മകൾ അശ്വതിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മലയാള മനോരമ ഞായറാഴ്ച പതിപ്പിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
എം.ടിയുടെ വാക്കുകൾ ഇങ്ങനെ:
ഘടോൽക്കചൻ. അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അതു കുറച്ചു കൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകൻ. നമ്മൾ ശ്രദ്ധയാകർഷിക്കാതെ പോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാൻ കുറച്ചു കൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസൻ ഋഷിതുല്യനായ ആളാണ്. പക്ഷേ, ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചു കൂടി ശ്രദ്ധയാകർഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വർക്ക് തയാറാക്കിയെന്നുള്ളതാണ്. ഞാൻ കുറെ വായിച്ചു നോട്ട് എടുത്തതാണ്. അപ്പോൾ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി.
തിരക്കഥയ്ക്ക് റഫറൻസ് ഒന്നും വേണ്ടിവന്നില്ല. നോവലിന് വേണ്ടി അന്നു ചെയ്ത റഫറൻസ് ഒക്കെയേ ഉള്ളൂ. തിരക്കഥയ്ക്ക് വേണ്ടി യുദ്ധത്തിന്റെ മുറകളൊക്കെയുണ്ടല്ലോ. അതു നോവലിൽ അത്രയും ഇല്ല. അതിന്റെ കുറച്ചുകൂടി വിശദാംശങ്ങൾ യുദ്ധത്തിൽ വേണം. പ്രത്യേകിച്ച് ഗദായുദ്ധം. അങ്ങനെ ഓരോന്നു വന്നിട്ടുണ്ട്. ആയുധങ്ങളെ കുറിച്ചു വിസ്തരിച്ച് നമ്മുടെ വേദത്തിൽ പറയുന്നുണ്ട്. ആയുധങ്ങളെപ്പറ്റിയൊക്കെ കുറെ അതിലുണ്ടെന്നും എം. ടി പറയുന്നു.