Spread the love

മുഹമ്മ: ഒച്ചിനെ തുരത്താൻ പുതിയ ആശയവുമായി മുഹമ്മ പഞ്ചായത്ത്. ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര.
ഒച്ച് ശല്യം സഹിക്കാൻ വയ്യാതെ പഞ്ചായത്തിലെ 12ആം വാർഡിൽ നടപ്പിലാക്കി വരുന്ന ഒച്ച് രഹിത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് പുതിയ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബർ ഒന്ന് മുതൽ 10 വരെ നടക്കുന്ന പദ്ധതിയിലാണ് ഇത് നടപ്പിലാക്കുക. ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ വാർഡിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരുന്നത്. ജൂൺ ഒന്ന് മുതലായിരുന്നു ഒന്നാം ഘട്ടം. ഓരോ രണ്ടു മാസം കൂടുമ്പോഴും പദ്ധതി ആവർത്തിക്കും.

വാർഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പ് വാങ്ങി നൽകി അത് രാത്രി സമയങ്ങളിൽ ബക്കറ്റിൽ ലായനിയാക്കി അതിൽ ഒച്ചുകളെ പിടിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു വർഷം കൊണ്ട് ഒച്ചില്ലാത്ത ഒരു നാടാക്കി വാർഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത്‌ അംഗം ലതീഷ് ബി. ചന്ദ്രൻ പറഞ്ഞു.

ആഫ്രിക്കൻ ഒച്ചുകളെ നേരിടാന്‍ നൂതനാശയവുമായി വൈപ്പിന്‍ നായരമ്പലത്തെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയും രംഗത്തുവന്നിരുന്നു. ഒച്ചൊന്നിന് ഒരു രൂപവീതം നല്‍കി ശേഖരിച്ച് നശിപ്പിക്കുകയാണ് സണ്‍റൈസ് കൂട്ടായ്മയിലെ അംഗങ്ങള്‍. 500 മുതല്‍ 700 രൂപയ്ക്ക് വരെ ഒച്ചുകളെ വില്‍പ്പന നടത്തിയവരുണ്ട്. ഒച്ചുമായി വരുന്നവരില്‍ പലരും തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് .വിലക്കെടുക്കുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചുമൂടുകയാണിവര്‍.

Leave a Reply