മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് ഒറ്റപ്പാലത്തെ കുട്ടി.
മുകേഷ് എംഎൽഎയെ വിളിച്ചത് കൂട്ടുകാരന് വേണ്ടിയാണെന്ന് കുട്ടി പറഞ്ഞു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ലഭ്യമാക്കാനാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്തത്. സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുട്ടി വ്യകത്മാക്കി.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് ലഭ്യമാക്കാൻ പറ്റുന്നത് ചെയ്യണമെന്ന് സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. തനിക്ക് അമ്മ ഫോൺ വാങ്ങി നൽകിയത് വളരെ കഷ്ടപ്പെട്ടാണ്. ബാക്കിയുള്ള കുട്ടികൾ എത്രത്തോളം കഷ്ടപ്പെടുമെന്ന് കരുതിയാണ് എംഎൽഎയ വിളിക്കാൻ തീരുമാനിച്ചത്.
മുകേഷ് എംഎൽഎ വിദ്യാർത്ഥികൾക്ക് ഫോൺ നൽകുന്ന കാര്യമൊക്കെ അറിഞ്ഞിരുന്നു. അതനുസരിച്ചാണ് അദ്ദേഹത്തെ വിലിച്ചത്. സിനിമാ നടനായതുകൊണ്ട് സഹായിക്കുമെന്നും കരുതി. ആറ് തവണ വിളിച്ചു. അതിനിടെ അദ്ദേഹത്തിന്റെ സൂം മീറ്റിംഗ് കട്ടായി. പിന്നീട് തിരിച്ചുവിളിക്കുകയാണുണ്ടായത്. ആറ് തവണ താൻ വിളിച്ചതുകൊണ്ടാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ആർക്കായാലും ദേഷ്യം വരും. തനിക്ക് പരാതിയില്ലെന്നും കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎൽഎയും പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. പരാതി പറയാൻ വിളിച്ച വിദ്യാർത്ഥിയോട് മുകേഷ് എംഎൽഎ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വൻ വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു.