ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയെത്തി.
ബംഗാളില്‍ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റയതിന് പിന്നാലെയാണ് ബിജെപിക്ക് വന്‍ പ്രഹരമേല്‍പ്പിച്ച് മുകുള്‍ റോയിയുടെ മടക്കം. കൊല്‍ക്കത്തയിലെ ടിഎംസി ആസ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പങ്കെടുത്ത ചടങ്ങില്‍ മുകുള്‍ റോയിയും മകന്‍ സുഭ്‍റാന്‍ഷു റോയിയും വീണ്ടും അംഗത്വമെടുത്തു.
മമതയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് 2017ലാണ് മുകുള്‍ റോയ് ടിഎംസി വിട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബംഗാളില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ല. നന്ദിഗ്രാം എംഎല്‍എ സുവേന്ദു അധികാരിയെയാണ് പ്രതിപക്ഷ നേതാവായി ബിജെപി നിശ്ചയിച്ചത്. ഈ പടലപ്പിണക്കമാണ് പഴയ ക്യാംപിലേയ്ക്ക് മടങ്ങിയെത്താന്‍ മുകുള്‍ റോയിയെ പ്രേരിപ്പിച്ചത്.