മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് ഷട്ടറുകൾ തുറന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഷട്ടറുകള്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ്‌നാടിന് നല്‍കും. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.