
ഇടുക്കി: മുന്നറിയിപ്പില്ലാതെ പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ തുറന്ന് തമിഴ്നാട്. മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാതെയാണ് തമിഴ്നാടിന്‍റെ ഈ നടപടി. ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ രാത്രിയില്‍ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നത്. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 10 ഷട്ടറുകള്‍ തുറന്നത്. ഒഴുക്കി വിട്ടത് 8000 ഘനയടി വെള്ളം. ഈ വര്‍ഷം ഇത്രയും ഷട്ടറുകള്‍ ഒന്നിച്ച് തുറക്കുന്നത് ആദ്യം. പുലര്‍ച്ചെ 4 .30 വരെ 60സെന്റി മീറ്റര്‍ തുറന്നിരുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
വള്ളക്കടവിലാണ് പ്രതിഷേധം. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടര്‍ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു.