Spread the love
മൂന്നാർ ഉല്ലാസയാത്ര വൻഹിറ്റ്: ഇനി ഹെെടെക്ക് ബസുകളും എത്തും

മലപ്പുറം: മലപ്പുറത്ത് നിന്ന് 1000 രൂപയ്ക്ക് മൂന്നാറിലേക്ക് താമസമുൾപ്പെടെ ലഭ്യമാക്കുന്ന “ഉല്ലാസയാത്ര” വൻഹിറ്റായതോടെ കൂടുതൽ സൗകര്യങ്ങളുള്ള ഹൈടെക്ക് ബസുകൾ എത്തിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി അധികൃതർ.

ശനിയാഴ്ചകളിൽ മാത്രമായി തുടങ്ങിയ ടൂർ പാക്കേജിലേക്കുള്ള ബുക്കിംഗ് കുത്തനെ ഉയർന്നതോടെ സർവീസ് ദിനംപ്രതിയാക്കി. ഇന്നലെ രണ്ട് സൂപ്പർ ഡീലക്സ് ബസുകളിലായി 79 യാത്രക്കാർ പുറപ്പെട്ടു. ശക്തമായ മഴ മുന്നറിയിപ്പുണ്ടായിരുന്ന 21നൊഴികെ മറ്റെല്ലാ ദിവസങ്ങളിലും മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തി. മിക്ക ദിവസങ്ങളിലും രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്.

ഈ മാസം 17ന് ആരംഭിച്ച ടൂർ പാക്കേജിൽ ഇതുവരെ 511 പേർ മൂന്നാറിലെത്തി. ശനിയാഴ്ചകളിലെ പാക്കേജിൽ നവംബർ 21 വരെ ബുക്കിംഗ് പൂർണ്ണമാണ്. എ.സി ലോ ഫ്‌ളോർ, സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് സ‌ർവീസിനുപയോഗിക്കുന്നത്. കൂടുതൽ സൗകര്യങ്ങളുള്ള ഗരുഡ,​ ലക്ഷ്വറി ഹൈടെക്ക് ബസുകൾ മലപ്പുറം ഡിപ്പോയിൽ എത്തിക്കാനുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞു.

യാത്ര ഇങ്ങനെ

ഉച്ചയ്ക്ക് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് രാത്രി എട്ടോടെ മൂന്നാറിലെത്തും. മൂന്നാർ സബ് ഡിപ്പോയിൽ നിറുത്തിയിട്ട ഏഴ് എ.സി സ്ലീപ്പർ ബസുകളിലാണ് താമസം. ഒരു ബസിൽ 16 പേർക്ക് താമസിക്കാം. ഇങ്ങനെ 112 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഡ്രസ്സ് മാറുന്നതിന് നാല് ബസുകളിൽ പ്രത്യേക കാബിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാർ സബ് ഡിപ്പോയിൽ മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കി. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് കാഴ്ചകാണൽ. വൈകിട്ട് ഏഴിന് മടക്കയാത്ര. പുലർച്ചയോടെ മലപ്പുറം ഡിപ്പോയിലെത്തും

നിരക്കുകൾ ഇങ്ങനെ

സൂപ്പർഫാസ്റ്റ് ബസിന് ഒരാൾക്ക് 1,000 രൂപയും ഡീലെക്സിന് 1,200ഉം എ.സി ലോ ഫ്‌ളോറിന് 1,500 രൂപയുമാണ് നിരക്ക്. താമസത്തിനുള്ള 100 രൂപ, സൈറ്റ് സീയിംഗ് ബസിനുള്ള 200 രൂപ അടക്കമാണിത്. പ്രവേശന ഫീസും ഭക്ഷണ ചെലവും യാത്രക്കാർ വഹിക്കണം.

തലശ്ശേരിയിൽ നിന്നുള്ള കുടുംബം മൂന്നാറിലേക്ക് സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ടൂർ പാക്കേജ് പ്രതീക്ഷിച്ചതിനുമപ്പുറം ഹിറ്റായി. 100 രൂപയ്ക്ക് താമസിക്കാമെന്നതാണ് കൂടുതൽപേരെയും ആകർഷിക്കുന്നത്. സ്കൂളുകൾ തുറക്കാൻ പോവുന്നതും ഊട്ടി അടഞ്ഞു കിടക്കുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി. ഒരുദിവസം 112 പേർക്കുള്ള താമസസൗകര്യമേ ഉള്ളൂ എന്നതിനാലാണ് കൂടുതൽ പേ‌ർക്ക് അവസരം നൽകാൻ കഴിയാത്തത്.

Leave a Reply