
മലപ്പുറം: മലപ്പുറം മുതൽ മൂന്നാർ വരെയുള്ള കെ.എസ്.ആർ.ടി.സി യാത്ര വൻ ഹിറ്റായതോടെ ഡിപ്പോയുടെ വരുമാനവും കുത്തനെ ഉയർന്നു. ലോക്‌ഡൗണിന് ശേഷം ആദ്യമായി പ്രതിമാസ വരുമാനം ഒരുകോടി രൂപ കടന്നു. ഒക്ടോബറിൽ 1,06,31487 രൂപയാണ് ഡിപ്പോയുടെ വരുമാനം. ഒക്ടോബർ 16ന് ആണ് മൂന്നാർ യാത്ര ആരംഭിച്ചത്. സെപ്തംബറിൽ 92,20,454 രൂപയായിരുന്നു വരുമാനം. സോൺതല വരുമാനത്തിന്റെ കാര്യത്തിൽ മലപ്പുറം ഡിപ്പോയാണ് മുന്നിൽ നിൽക്കുന്നത്. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ നവംബർ കഴിയുന്നതോടെ വരുമാനം ഒന്നരകോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു
യാത്രകൾ പോവാൻ ആഗ്രഹമുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കും മറ്റുമാണ് കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് വളരെയധികം ഉപകാരപ്പെട്ടത്. ഇതിനകം വിവിധ ജില്ലകളിൽ മലപ്പുറത്തെ ആനവണ്ടി യാത്ര സൂപ്പർ ഹിറ്റായിട്ടുണ്ട്. കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ നിന്നടക്കം ആനവണ്ടയിൽ മൂന്നാറിൽ പോകാനായി ആളുകൾ എത്തുന്നുണ്ട്. നിലവിൽ നവംബർ അവസാനം വരെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ഡിസംബറിൽ ക്രിസ്മസ് അവധിയിലടക്കം നിരവധിയാളുകൾ യാത്രക്കായി എത്തും. ഡിസംബറിലേക്കുള്ള ബുക്കിംഗാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അപ്പോഴേക്കും ഹൈടെക്ക് ബസുകൾ എത്തിക്കാനുള്ള ഒരുക്കവും തകൃതിയാണ്.
മഞ്ചരി സ്വദേശിയും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ റഷീദിൽ നിന്നാണ് മൂന്നാർ പാക്കേജെന്ന ആശയം ഉരിത്തിരിഞ്ഞത്. റഷീദ് തനിക്ക് തോന്നിയ ആശയം സന്ദേശമായി മലപ്പുറം ഡി.ടി.ഒയെ അറിയിക്കുകയായിരുന്നു. ആശയത്തിന്റെ പ്രാധാന്യം മനസിലാക്കിയ ഡി.ടി.ഒ പാക്കേജ് ആരംഭിക്കാനുള്ള7 നടപടികൾ തുടങ്ങാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യാത്ര ആരംഭിച്ചത് മുതൽ ബുക്കിംഗിനായി നിരവധി പേരാണ് ദിനം പ്രതി വിളിച്ചു കൊണ്ടിരിക്കുന്നത്. ചില ദിവസങ്ങളിൽ കൂട്ടമായുള്ള യാത്രക്കായി ബുക്ക് ചെയ്യുന്നവരുണ്ട്. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ചേർന്നുള്ള യാത്രകൾക്കായി ഒരുബസ് തന്നെ ബുക്ക് ചെയ്യുന്നവരുമുണ്ട്. നിലവിൽ സൂപ്പർ ഫാസ്റ്റ് ബസിന് ഒരാർക്ക് 1,000 രൂപ തോതിലാണ് ഈടാക്കുന്നത്. ഡീലെക്സ് ബസിന് 1,200, ലോ ഫ്ലോറിന് 1,500 എന്നിങ്ങനെയുമാണ്.