Spread the love
മുരളീധരനും കുമ്മനവും ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ: ശ്രീധരനും കൃഷ്ണദാസും പ്രത്യേക ക്ഷണിതാക്കൾ

ദില്ലി: ബിജെപി ദേശീയ നിർവ്വാഹകസമിതി പുനസംഘടിപ്പിച്ചു. പുനസംഘടിപ്പിച്ച എൺപത് അം​ഗ ദേശീയ നി‍ർവാഹക സമിതിയിൽ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി.മുരളീധരനും മുൻ മിസ്സോറാം ​ഗവർണർ കുമ്മനം രാജശേഖരനും ഇടംനേടി. പ്രത്യേക ക്ഷണിതാക്കളായി ഇ.ശ്രീധരനേയും പി.കെ.കൃഷ്ണദാസിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിജെപി കേരള അധ്യക്ഷൻ എന്ന നിലയിൽ കെ.സുരേന്ദ്രൻ നിർവ്വാഹകസമിതിയിൽ അം​ഗത്വം നേടി. ​ദേശീയ ഉപാധ്യക്ഷനെന്ന നിലയിൽ എ.പി.അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും സമിതിയിലുണ്ട്. അതേസമയം അൽഫോണ്സ് കണ്ണന്താനവും ശോഭാ സുരേന്ദ്രനവും പുതിയ സമിതിയിൽ ഇല്ല.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് നിർവ്വാഹക സമിതി അംഗങ്ങളെ നിർദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാക്കളായ എൽ.കെ.അധ്വാനി, മുരളീ മനോഹർ ജോഷി, രാജ്നാഥ് സിംഗ്, അമിത് ഷാ,നിതിൻ ഗഡ്കരി എന്നിവർ സമിതിയിലുണ്ട്. രാജ്യസഭാ കക്ഷിനേതാവ് പീയൂഷ് ഗോയലും സമിതിയിൽ അംഗമാണ്.

അൻപത് പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും അടങ്ങിയതാണ് ബിജെപി ദേശീയ നിർവ്വാഹകസമിതി. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിപക്ഷ നേതാക്കൾ, നിയമസഭാ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഉപമുഖ്യമന്ത്രിമാർ, ദേശീയവക്താക്കൾ, വിവിധ മോർച്ച അധ്യക്ഷൻമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ, സഹ പ്രഭാരിമാർ, വിവിധ സംസ്ഥാന ഘടകങ്ങളുടെ അധ്യക്ഷൻമാർ, ദേശീയ ജനറൽ സെക്രട്ടറിമാർ എന്നിവരെല്ലാം ദേശീയ നിർവ്വാഹക സമിതിയുടെ ഭാഗമായിരിക്കും.

Leave a Reply