തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന കെ.മുരളീധരനെ കോൺഗ്രസുകാർ തന്നെ കുളിപ്പിച്ചു കിടത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സഹോദരി പത്മജ വേണുഗോപാൽ. സഹോദരന്റെ കാര്യത്തിൽ തനിക്കു സഹതാപമുണ്ടെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. മുരളീധരൻ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തിനു ബുദ്ധി വരാൻ കുറച്ചുകൂടി സമയമെടുക്കും. അതുകഴിഞ്ഞാൽ അദ്ദേഹവും ബിജെപിയിലേക്കു തന്നെ വരുമെന്ന് പത്മജ അവകാശപ്പെട്ടു. ബിജെപിയിലേക്ക് മുരളീധരനുള്ള ഒരു പരവതാനി കൂടി താൻ വിരിച്ചിട്ടിട്ടുണ്ടെന്ന പ്രസ്താവന പത്മജ വേണുഗോപാൽ ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തു.
‘‘ഇന്നലെ ഞാൻ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. കരുണാകരന്റെ മക്കളെ അവർക്കു വേണ്ട. അതിൽ ആദ്യം എന്നെ പുറത്താക്കി. എങ്ങനെയൊക്കെയോ ഓടിച്ചുവിട്ടു. അവർ വിചാരിച്ച പോലെ തന്നെ നടന്നു. പക്ഷേ ഇപ്പോൾ എനിക്ക് എന്തുമാത്രം സമാധാനമുണ്ടെന്ന് അവർ അറിയുന്നില്ല. അത് അറിഞ്ഞാൽ അവരുടെ ബോധം പിന്നേം പോകും.
‘‘കെ.മുരളീധരന്റെ വിഷയത്തിൽ ഒരു കാര്യമുണ്ട്. അദ്ദേഹം വളരെ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരനാണ്. അതുകൊണ്ട് അദ്ദേഹത്തിനു ബുദ്ധി വരാൻ കുറച്ചുകൂടി സമയമെടുക്കും. അതുകഴിഞ്ഞാൽ അദ്ദേഹവും ഇങ്ങോട്ടുതന്നെ പോരും. കാരണം, എന്റെ സഹോദരൻ എന്തായാലും നശിക്കുന്ന കാണാൻ എനിക്ക് ആഗ്രഹമില്ല. ഇന്നലെ പറഞ്ഞതുപോലെ അദ്ദേഹത്തിനുള്ള ഒരു പരവതാനി കൂടി ഞാൻ ഇവിടെ വിരിച്ചിട്ടിട്ടുണ്ട്.
‘‘ഈ തോൽപ്പിക്കുന്ന ആളുകളെയൊക്കെ സാധാരണ ജനങ്ങൾക്ക് അറിയാം. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന പലരും പിൻമാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇല്ലെന്ന് അവർ എന്നോട് പറഞ്ഞു. എനിക്ക് അവിടെയൊക്കെ വ്യക്തിപരമായി നല്ല ബന്ധമുണ്ട്. ഞാൻ അതുകൊണ്ടാണ് പറഞ്ഞത്. എന്റെ കൂടെ ആളുകൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. അത് ഞാൻ കൊണ്ടുവന്നിരിക്കും. കാരണം വേറൊന്നുമല്ല. അച്ഛന്റെ ചെറിയൊരു സ്വഭാവം എനിക്കും കിട്ടിയിട്ടുണ്ട്. കൂടെയുള്ളവരെ സംരക്ഷിക്കും.’’ – പത്മജ പറഞ്ഞു.