വില്ലനെങ്കില്‍ എന്തിനും പോന്ന ഒന്നൊന്നര വില്ലന്‍ ഇനി ഇമോഷണല്‍ സീനുകളാണെങ്കില്‍ ഏത് കരയാ വീരനേയും കരയിക്കുന്ന ഉഗ്രൻ നടനം അതായിരുന്നു മലയാളികൾക്ക് അനുഗ്രഹീത നടൻ മുരളി. പഞ്ചാഗ്നി, അമരം, ആകാശദൂത്, ഗ്രാമഫോണ്‍, ലാല്‍സലാം, ചമയം, ചകോരം, വിഷ്ണുലോകം തുടങ്ങിമലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ ബാക്കിയാക്കി മുരളി വേർപിരിഞ്ഞിട്ട് ഇന്നേക്ക് 16 വര്‍ഷങ്ങള്‍ തികയുകയാണ്. ഭാവാഭിനയവും ശബ്ദവിന്യാസവും ശരീര ഭാഷയും ഒക്കെ അനായാസം തന്റെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കുന്ന അദ്ദേഹം പരുക്കന്‍ കഥാപാത്രങ്ങള്‍ മാത്രം വഴങ്ങുന്ന അഭിനേതാവായിരുന്നില്ല മറിച്ച് കോമഡിയും റൊമാന്‍സും ആക്ഷനുമൊക്കെ ഒരു പോലെ സ്ക്രീനില്‍ പകര്‍ന്നാടാൻ കഥാപാത്രങ്ങൾ ലഭിച്ച ഭാഗ്യവാൻ കൂടിയായിരുന്നു.
കൊല്ലം ജില്ലയിലെ കുടവട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ നാടകവേദിയില്‍ എത്തി. പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായപ്പോഴും അഭിനയവേദി തന്നെയായിരുന്നു മനസില്‍. ജോലി രാജിവച്ച് അഭിനയത്തില്‍ സജീവമായി. നരേന്ദ്ര പ്രസാദ് ആരംഭിച്ച നാട്യഗൃഹത്തില് ഏറെ സജീവമായിരുന്ന മുരളിയുടേതായി എണ്ണമറ്റ മികവാര്‍ന്ന പ്രകടനങ്ങള്‍ വേദിയില്‍ ഉണ്ടായിട്ടുണ്ട്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ ആയിരുന്നു മുരളിയുടെ സ്റ്റേജ് പെര്‍ഫോമന്‍സുമായി ചേര്‍ത്ത് എപ്പോഴും അനുസ്മരിക്കപ്പെടുന്ന ഒരു കഥാപാത്രം.
ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലൂടെ ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ചിദംബരം, പഞ്ചാഗ്നി, നീയെത്ര ധന്യ തുടങ്ങി ശ്രദ്ധേയ വേഷങ്ങള്‍ തൊട്ടുപിന്നാലെ എത്തി. മലയാളി ആഘോഷിച്ച മുരളിയുടെ പല ബിഗ് സ്ക്രീന്‍ പെര്‍ഫോമന്‍സുകളും തൊണ്ണൂറുകളിലാണ് സംഭവിച്ചത്. വെങ്കലത്തിലെ ഗോപാലന്‍ മൂശാരിയും ആകാശദൂതിലെ ജോണിയും അമരത്തിലെ കൊച്ചുരാമനും ആധാരത്തിലെ ബാപ്പൂട്ടിയും അടക്കം ഉള്ളുപൊളിച്ച കഥാപാത്രങ്ങളുടെ നിരയുണ്ട് അക്കൂട്ടത്തില്‍. നെയ്ത്തുകാരനിലെ പ്രകടനത്തിന് 2002 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്കാരവും മുരളിയെ തേടിയെത്തി.









