വൈത്തിരി∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായ സിദ്ധാർഥൻ മരിച്ച ഹോസ്റ്റൽ എസ്എഫ്ഐയുടെ താവളമായിരുന്നുവെന്ന് വെളിപ്പെടുത്തി ചുവർചിത്രങ്ങളും എഴുത്തുകളും. കോൺഗ്രസ് ക്യാംപസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും പേർ ഹോസ്റ്റലിൽ സന്ദർശനം നടത്തി. നാലുകെട്ടായി നിർമിച്ചിരിക്കുന്ന ഹോസ്റ്റലിന് നടുമുറ്റമുണ്ട്.
ഗേറ്റ് അടച്ചുകഴിഞ്ഞാൽ ഉള്ളിൽ നടക്കുന്നത് എന്താണെന്ന് പുറത്തറിയില്ല. ഈ ഹോസ്റ്റലിന് അടുത്ത് മറ്റു ഹോസ്റ്റലുകളില്ല. അതുകൊണ്ടുതന്നെ യാതൊന്നും പുറത്തേക്കു പോകില്ല. മദ്യക്കുപ്പിയുടേയും ചെ ഗവാരയുടേയും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്. എസ്എഫ്ഐയുടെ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞുനിൽക്കുന്നു. ചില ഗ്യാങുകളുടെ പേരും എഴുതിവച്ചിട്ടുണ്ട്. മൂന്നുനില കെട്ടിടത്തിന്റെ നടുമുറ്റത്താണ് മർദനം നടക്കാറുള്ളത്. ഇങ്ങനെ നടത്തുന്ന മർദനം ഹോസ്റ്റലിന്റെ നാലു വശത്തുനിന്നും വിദ്യാർഥികൾക്ക് കാണാനും കഴിയും.
∙ എസ്എഫ്ഐ മാത്രം
എസ്എഫ്ഐ മാത്രമാണ് ക്യാംപസിൽ പ്രവർത്തിക്കുന്ന വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനം. മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. വെറ്ററിനറി കോളജിൽ എത്തുന്ന വിദ്യാർഥികൾക്ക് രണ്ട് മാർഗമേ ഉള്ളു. ഒന്നുകിൽ എസ്എഫ്ഐയുടെ ഭാഗമാകുക; അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം നടത്താതിരിക്കുക. നാട്ടിൽ എംഎസ്എഫിലും എബിവിപിയിലും വരെ പ്രവർത്തിച്ചവർ പൂക്കോടെത്തിയാൽ എസ്എഫ്ഐയിലേക്കു മാറുകയാണ് ചെയ്യുക.
തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കാർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. തുടർന്ന് ഇവരെ വിജയികളായി പ്രഖ്യാപിക്കും. വൈത്തിരി ടൗണിൽ പ്രകടനവും നടത്തും. ഇതാണ് കാലങ്ങളായി നടന്നു വരുന്ന രീതി. കൽപറ്റയിൽ ഉൾപ്പെടെ എസ്എഫ്ഐ പ്രകടനം നടത്തുമ്പോൾ ഏറ്റവും അധികം വിദ്യാർഥികളെ ഇറക്കുന്നതും പൂക്കോട് നിന്നാണ്.
∙ ജീവനക്കാരുടെ പൂർണ പിന്തുണ
വൈത്തിരി പഞ്ചായത്തിൽ ഏറെക്കാലമായി ഭരണം നടത്തുന്നത് സിപിഎം ആണ്. പൂക്കോട് വെറ്ററിനറി കോളജ് തുടങ്ങിയപ്പോൾ സെക്യൂരിറ്റി, ഹോസ്റ്റൽ ജീവനക്കാർ എന്നിങ്ങനെയുള്ള അനധ്യാപക തസ്തികകളിലേക്ക് നിയമിച്ചത് തദ്ദേശീയരായ സിപിഎം അനുകൂലികളെയാണ്. അതുകൊണ്ടുതന്നെ എസ്എഫ്ഐ പ്രവർത്തകർക്ക് വലിയ പിന്തുണ ഇവരിൽനിന്ന് ഉണ്ടായിരുന്നു.
വിദ്യാർഥികളിൽ ഭൂരിഭാഗവും മറ്റു ജില്ലകളിൽനിന്നും ഇതര സംസ്ഥാനത്തുനിന്നും വന്നവരായതിനാൽ ഇവർക്ക് പ്രാദേശിക പിൻബലം ഉണ്ടാകില്ല. ക്യാംപസിലെ ജീവനക്കാരിൽ ഭൂരിഭാഗവും എസ്എഫ്ഐക്ക് ഒപ്പമായതിനാൽ പുറത്തുനിന്നും വരുന്നവർ എസ്എഫ്ഐയോട് ഏറ്റുമുട്ടാൻ തയ്യാറാകില്ല. സിദ്ധാർഥനെ ക്രൂരമായി മർദിച്ചത് ഹോസ്റ്റലിലെ ജീവനക്കാരും സെക്യൂരിറ്റിയും ഉൾപ്പെടയുള്ളർ അറിഞ്ഞിരിക്കാം എന്നത് വ്യക്തമാണ്.
∙ സുലഭം ലഹരി
ഹോസ്റ്റലിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഹോസ്റ്റൽ സന്ദർശിച്ചാൽ മനസിലാക്കാം. രണ്ടാം നിലയിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരുവശത്ത് മദ്യക്കുപ്പിയുടേയും മറുവശത്ത് ചെ ഗവാരയുടേയും വമ്പൻ ചിത്രങ്ങളാണ് വരച്ചു വച്ചിരിക്കുന്നത്. സിദ്ധാർഥൻ താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്. എ.അയ്യപ്പന്റെ ഉൾപ്പെടെ കവിതകളിലെ വരികളും കുറിച്ചുവച്ചിട്ടുണ്ട്.
കുന്നിൻ ചെരുവിൽ വിശാലമായ സ്ഥലത്താണ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്. പല കെട്ടിടങ്ങളും തമ്മിൽ നല്ല ദൂരവുമുണ്ട്. ഇവിടേക്കുള്ള വഴികൾ വിജനമാണ്. കാടുപിടിച്ച് കിടക്കുന്ന കൊല്ലികളും ക്യാംപസിലുണ്ട്. ഈ സ്ഥലങ്ങളിൽ വച്ച് മർദനമേറ്റാൽ നിലവിളിച്ചാൽ പോലും ആരും അറിയില്ല. വിശാലമായ ക്യാംപസിലെ പാറകെട്ടുകളും ചെരിവുകളും ലഹരി ഉപയോഗ കേന്ദ്രങ്ങളാണെന്നും ആരോപണമുണ്ട്.