
തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മയായ മനോരമയുടെ കൊലപാതകം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അരുംകൊല. വീട്ടില്‍ കയറാന്‍ വഴിവച്ചതാകട്ടെ ഈ വീട്ടുകാര്‍ നല്ല മനസുകൊണ്ട് അനുവദിച്ചിരുന്ന സ്വാതന്ത്ര്യവും. കൊല്ലപ്പെട്ട മനോരമയുടെ വീടിന് സമീപത്ത് കെട്ടിടനിര്‍മാണ തൊഴിലാളിയായെത്തിയാളാണ് പ്രതിയായ ബംഗാളുകാരന്‍ ആദം അലി. ആദം ഉള്‍പ്പെടെ ആറ് പേരായിരുന്നു തൊഴിലാളികളായി ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചിരുന്ന മനോരമയും ഭര്‍ത്താവ് ദിനരാജുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ മക്കളുടെ പ്രായം പോലും ഇല്ലാത്ത തൊഴിലാളികളെ ഇതര സംസ്ഥാനക്കാര്‍ എന്ന് കരുതി അകറ്റി നിര്‍ത്തിയിരുന്നില്ല. ആറാഴ്ചയായി ഇവരുടെ വീട്ടില്‍ നിന്നാണ് തൊഴിലാളികള്‍ വെള്ളം എടുത്തിരുന്നത്. കുടിവെള്ളം ഉള്‍പ്പെടെ എന്താവശ്യത്തിനും വെള്ളം കിണറ്റില്‍ നിന്ന് കോരിയെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു. മനോരമയുടെ വീടിന്റെ ഗേറ്റ് കടന്ന് വരാന്‍ അതുവഴി പ്രതിയായ ആദമിനും സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യമായി. ഒരുപക്ഷെ ആ സ്വാതന്ത്ര്യം മുതലെടുത്താവും കൊല നടത്താനായും ആദം മനോരമയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
പണി നടക്കുന്ന കെട്ടിടത്തില്‍ നിന്ന് നോക്കിയാല്‍ മനോരമയുടെ വീടിന്റെ മുറ്റവും ഹാളുമെല്ലാം കാണാം. ഞായറാഴ്ച രാവിലെ 9 മണിയോടെ ഭര്‍ത്താവ് ദിനരാജ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി വര്‍ക്കലയിലേക്ക് പോയി. ഇതും ആദം പണി നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടു. ഞായറാഴ്ചയായതിനാല്‍ പണിയും ഉണ്ടായിരുന്നില്ല. ഇതിന് ശേഷം ഒരു മണിയോടെ ആദം മനോരമയുടെ വീട്ടിലെത്തി. ഒന്നേകാലോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം.
കൊല നടത്തിയ ശേഷം മനോരമയുടെ ദേഹത്തുണ്ടായിരുന്ന മാലയും വളയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കൈക്കലാക്കി. അതിന് ശേഷം മുതദേഹം വലിച്ചിഴച്ചും തോളത്തെടുത്ത് ചുമന്നും അയല്‍വീട്ടിലെ കിണറ്റില്‍ തള്ളി. സംശയം തോന്നാതിരിക്കാന്‍ മൃതദേഹം വലിച്ചുകൊണ്ടുപോയപ്പോള്‍ സ്ഥാനമാറ്റം സംഭവിച്ച കമ്പും ഓലയും ചെടികളുമെല്ലാം മൃതദേഹം കിണറ്റിലിട്ട ശേഷം അതേപടി തിരിച്ചുവച്ചു. അതിന് ശേഷം വസ്ത്രങ്ങള്‍ ബാഗിലാക്കി മോഷണമുതലുമായി സ്വദേശത്തേക്ക് ട്രെയിന്‍ വഴി കടക്കാനായിരുന്നു ലക്ഷ്യം. പക്ഷെ ചെന്നൈയിലെത്തിയപ്പോളേക്കും കേരള പൊലീസില്‍ നിന്ന് അറിയിപ്പ് ലഭിച്ച െചന്നൈ ആര്‍.പി.എഫ് പിടികൂടി.