Spread the love
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം നേതൃത്വത്തിന്റെ അറിവോടെയെന്ന് പോലീസ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസിൽ (Sreenivasan Murder Case) ഒരാൾ കൂടി അറസ്റ്റിൽ‌, പോപ്പുലർ ഫ്രണ്ട് (Popular Front) ജില്ല സെക്രട്ടറിയാണ് അറസ്റ്റിലാത്. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബർ സിദ്ദിഖിനെ പട്ടാമ്പിയിലെ വീട്ടിൽ നിന്നാണ് രാവിലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊലപാതക പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അബൂബക്കർ സിദ്ദിഖിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അബൂബക്കർ സിദ്ദിഖിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതോടെ ശ്രീനിവാസൻ കൊലപാതക കേസിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. 38 പ്രതികളാണ് കേസിലുള്ളത്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

അബൂബക്കർ സിദ്ദിഖ് അറസ്റ്റിലായതോടെ നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീനിവാസൻ കൊലക്കേസിലെ 38 മത്തെ പ്രതിയായ സിറാജുദീനെ മലപ്പുറത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇയാളിൽ നിന്ന് ഞെട്ടിക്കുന്ന പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കൈവെട്ട് കേസിലും കൊല്ലപ്പെട്ട മറ്റൊരു ആർഎസ് എസ് നേതാവ് സഞ്ജിത്തിന്റെ കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്.

സഞ്ജിതിനെ കൊലപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ ഇയാളുടെ പെൻഡ്രൈവിൽ നിന്ന് കണ്ടെടുത്തിരുന്നു. അതേസമയം മലപ്പുറത്തെ 12 ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല ചെയ്യപ്പെട്ട് 24 മണിക്കൂർ തികയും മുന്നെയായിരുന്നു ഏപ്രിൽ 16ന് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.

Leave a Reply