ചലച്ചിത്ര സംഗീതസംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ 5:15 ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരൻ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ ജയമണി. മക്കൾ ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ Adv. സുധീഷ്, മീര. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്. സംസ്‍കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.
1982 ൽ ‘ഇതും ഒരു ജീവിതം’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. ജാതകം (1989)എന്ന സിനിമയിലെ ‘പുളിയിലക്കരയോലും പുടവ ചുറ്റി’ എന്ന ഗാനവും സ്വാമി അയ്യപ്പൻ സീരിയലിന്റ അവതരണഗാനവും പ്രശസ്തമാണ്.കോന്നിയൂർ ഭാസ് രചിച്ച് യേശുദാസ് പാടിയ ‘പ്രകൃതി പ്രഭാമയീ’ എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്. രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണൻ എഴുതി, എസ് ജാനകിയും സോമശേഖരനും ചേർന്നു പാടി.നീണ്ട ഒരു ഇടവേളക്കു ശേഷം ‘അയാൾ’ എന്ന ചിത്രത്തിനു സംഗീതം നൽകി രണ്ടാമതൊരു തിരിച്ചു വരവു കൂടെ നടത്തി. ഈ അഭയതീരം, മി.പവനായി 99.99, ബ്രഹ്മാസ്ത്രം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി.