കോട്ടയം: സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കൊവിഡ് ബാധിച്ച അദ്ദേഹം ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. നാൽപത് വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.