തിരുവനന്തപുരം: വ്യാപകമായ മഴയില്‍ ജനങ്ങള്‍ സംസ്ഥാനത്തുടനീളം കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. മാലിന്യ പ്രശ്നം, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണ് ജനം അനുഭവിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും സേവാദളിന്റെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം.
സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം. ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നല്‍കുന്നതില്‍ എല്ലാവരും സജീവ പങ്കാളികളാകണമെന്നും കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴക്കെടുതിയില്‍ ആകെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്