തിരുവനന്തപുരം: 6 വയസ് തികയാത്ത കുട്ടികൾക്ക് പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാനാകില്ല. സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്. എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാൽ കേന്ദ്ര നയം നടപ്പാക്കാൻ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നൽകില്ല.
2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിർബന്ധമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം 1 മുതൽ 5 വരെ ക്ലാസുകൾ പ്രൈമറിയും 6 മുതൽ 8 വരെ യുപിയും 9,10 ക്ലാസുകൾ ഹൈസ്കൂൾ വിഭാഗവുമാണ്. 9 മുതൽ 12 വരെ ക്ലാസുകൾ ഒരു വിഭാഗമായി കണക്കാക്കാനും നിർദേശമുണ്ട്. കേരളത്തിൽ ഹൈസ്കൂൾ– ഹയർ സെക്കൻഡറി ഏകീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.