
ഭുവനേശ്വർ ∙ പരീക്ഷയിൽ കോപ്പിയടിക്കുന്നതും, ജയിപ്പിക്കണമെന്ന് ഉത്തരക്കടലാസിൽ അഭ്യാർഥിക്കുന്നതും മിക്കപ്പോഴും നടക്കുന്ന കാര്യമാണ്. എന്നാൽ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ചു വച്ചതാണ് ഇപ്പോൾ ചർച്ചയാവുന്നത്.100, 200, 500 രൂപയുടെ നോട്ടുകളാണു വിദ്യാർഥികൾ ഉത്തരക്കടലാസിനൊപ്പം വച്ചിരുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്രയാണു സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) കൗതുകകരമായ ചിത്രം പോസ്റ്റ് ചെയ്തത്. ഏതു വിഷയത്തിന്റെ പരീക്ഷയിലാണ് ഇങ്ങനെയുണ്ടായതെന്നോ എവിടെ നടന്നതാണെന്നോ അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നില്ല.
‘ഒരു അധ്യാപിക അയച്ചുതന്ന ചിത്രമാണിത്. ബോർഡ് എക്സാമിന്റെ ഉത്തരക്കടലാസിനുള്ളിൽ വിദ്യാർഥികൾ ഒളിപ്പിച്ചുവച്ചിരുന്ന നോട്ടുകൾ. മിനിമം മാർക്ക് തന്നു ജയിപ്പിക്കണം എന്ന അഭ്യർഥനയോടെയാണു പണം വച്ചിരുന്നത്. നമ്മുടെ വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസ സംവിധാനം എന്നിവയെപ്പറ്റിയെല്ലാം ഒരുപാട് കാര്യങ്ങൾ ഈ ചിത്രം പറയുന്നുണ്ട്’’– അരുൺ ബോത്ര കുറിച്ചു.