Spread the love
മുട്ടില്‍ മരംമുറി കേസ്: എന്‍ ടി സാജന്‍റെ പുതിയ നിയമനം സ്റ്റേ ചെയ്തു

മുട്ടിൽ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി കൺസർവേറ്റ‍ർ എന്‍ ടി സാജന് ചീഫ് കൺസർവേറ്ററുടെ അധികാരം നൽകിയ സർക്കാർ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയും നടത്തിയ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കണ്ടിരുന്നു. ദക്ഷിണമേഖലാ ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാർ നൽകിയ ഹർജിയിലാണ് നടപടി. ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി. സാജന്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി എന്നിവരെയാണ് പരസ്പരം സ്ഥലം മാറ്റി ഉത്തരവിറക്കിയത്. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഇങ്ങനെ ഒരു സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തിരുന്നില്ലെന്നാണ് സൂചന.മുട്ടില്‍ മരം മുറി വിവാദത്തോട് അനുബന്ധിച്ച് ഉണ്ടായ മണിക്കുന്ന് മല മരം മുറി സംഭവത്തില്‍ എന്‍ ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ്: ഡി കെ വിനോദ് കുമാറാണ്. ദക്ഷിണമേഖലാ സര്‍ക്കിള്‍ സിസിഎഫിന്റെ ചുമതലയോടു കൂടി സാജനെ കൊല്ലത്തുതന്നെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കുമ്പോള്‍, സോഷ്യല്‍ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാര്‍ സാജന് കീഴിലാവും. നേരത്തേ സാജനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കാന്‍ ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് പുറപ്പെട്ടപ്പോള്‍ വനം മന്ത്രിയാണ് തടഞ്ഞത്. മരം മുറി വിവാദത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ഈ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മന്ത്രി ഫയലില്‍ കുറിച്ചിരുന്നു.

Leave a Reply