മരംകൊള്ള : കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനം.
കോഴിക്കോട് : വിവാദമായ മരംകൊള്ള കേസുകൾ പൂർണ്ണമായും ഒത്തുതീർപ്പാക്കാൻ തീരുമാനം. കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിനു പുറമെ,വനം വകുപ്പ് ജീവനക്കാരുടെമേൽ ബാധ്യത വരാതിരിക്കാൻ പ്രത്യേക സർക്കുലർ ഇറക്കി പ്രശ്നം പരിഹരിക്കാനാണ് നീക്കം.മുഖ്യമന്ത്രി പിണറായി വിജയൻറെ കൂടി സമ്മതത്തോടെയായിരിക്കും ഈ സർക്കുലർ. മരം വെട്ടി കടത്തിയവരെ മാത്രം പ്രതികളാക്കി കേസ് നിലനിൽക്കില്ല എന്നതിനാൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഇതോടെ അപ്രസക്തമായേക്കും.15 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകൾ പുറത്തു വന്ന സാഹചര്യത്തിൽ ഈ തുക എഴുതി തള്ളാനും സർക്കാർ തീരുമാനിക്കാനാണ് സാധ്യത.
മരംമുറി കേസിൽ അന്വേഷണം മുൻ റവന്യൂ മന്ത്രിയുടെയും സിപിഐ നേതൃത്വത്തിന്റെയും നേരെ നീളുമെന്ന ഘട്ടം എത്തിയതോടെയാണ് അന്വേഷണം അട്ടിമറിക്കാൻ തീരുമാനമായത്. വിവാദ ഉത്തരവ് സിപിഐയുടെ മാത്രം തീരുമാനമല്ല,ഉത്തരവിന് പിന്നിൽ മരംവെട്ട് തീരുമാനം നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശമുണ്ടായിരുന്നു എന്നുള്ള പ്രതിരോധത്തിലേക്ക് സിപിഐ നീങ്ങുകയും ചെയ്ത്. കേസെടുക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽ ബാധ്യത വരാതിരിക്കാൻ ഉള്ള ശ്രമമാണ് കഴിഞ്ഞദിവസം ആലുവയിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലുണ്ടായത്.’ റവന്യൂവിന്റെ ഭൂമിയിൽ, റവന്യൂ ഉടമസ്ഥതയിൽ നിന്ന മരങ്ങൾ നഷ്ടപ്പെട്ടതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ ബാധ്യത ഉണ്ടാവില്ല എന്ന് വ്യക്തമാക്കുന്ന സർക്കുലർ ഇറക്കാനും യോഗത്തിൽ തീരുമാനമായിരുന്നു. ഈ നിർദ്ദേശവുമായി അന്വേഷണ സംഘം നാളെ മുഖ്യമന്ത്രിയെ കാണും. വനം മന്ത്രി എ.കെ.ശശീന്ദ്രനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെയും യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.കേസ് രജിസ്റ്റർ ചെയ്തതിന്റെ എണ്ണം മാത്രം മതിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. കേരള ഫോറസ്റ്റ് പ്രൊഡ്യൂസ് ട്രാൻസിറ്റ് റൂൾസിലെ (1975) ഏതെങ്കിലും ദുർബല വകുപ്പുകൾ ചുമത്തി കേസെടുക്കാനും എത്ര മരങ്ങൾ നഷ്ടപ്പെട്ടു എന്ന എണ്ണം തിട്ടപ്പെടുത്താനും മാത്രമാണ് വനംവകുപ്പ് ഒരുങ്ങുന്നത്.