മുസിരിസ് ബോട്ട് ജെട്ടികള്‍ ക്യാന്‍വാസുകളാകുന്നു.കോട്ടപ്പുറം കായലോരത്ത് ‘സുധി’യുടെ ജീവന്‍ തുടിക്കുന്ന വരകള്‍
മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ കോട്ടപ്പുറം ബോട്ട് ജെട്ടിയുടെ ചുമരുകള്‍ ക്യാന്‍വാസാക്കി സുധി ഷണ്മുഖന്‍ എന്ന ചിത്രകാരന്‍. സുധിക്ക് മാത്രമല്ല മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ പതിനാല് ബോട്ട് ജെട്ടികളുടെയും ചുമരുകള്‍ ഇനി നിരവധി ചിത്രകാരന്മാര്‍ക്ക് ക്യാന്‍വാസുകളാകും.
ബോട്ട് ജെട്ടികളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് മതിലുകള്‍ മനോഹരമാക്കുന്നത്. ആദ്യഘട്ടത്തില്‍ സുധി ഷണ്മുഖന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മുസിരിസ് കോട്ടപ്പുറം ബോട്ട് ജെട്ടിയിലാണ് ചുമര്‍ചിത്ര രചന ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ബോട്ടുജെട്ടികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സൗന്ദര്യവല്‍ക്കരണത്തിനൊപ്പം പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് പറഞ്ഞു.
പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിയായ സുധി ഷണ്മുഖന്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചാണ് കോട്ടപ്പുറം കായലോരത്തെ ബോട്ട് ജെട്ടിയെ മനോഹരമാക്കിയിരിക്കുന്നത്. ബോട്ട് ജെട്ടി നില്‍ക്കുന്ന ഭാഗം പൂര്‍ണമായും ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കും. തൂണുകളില്‍ മ്യൂറല്‍ പെയിന്റിങ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് സുധി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമായ സുധി ഷണ്മുഖന്‍, തീരദേശ ഗ്രാമമായ കൊടുങ്ങല്ലൂരിന്റെ ഗ്രാമീണ ജീവിതമാണ് മുസിരിസില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്. തഴപ്പായ നെയ്യുന്ന മുത്തശ്ശിയും വല വീശാന്‍ പോകുന്ന മുക്കുവനും തൊട്ട് പുരാതന മുസിരിസ് തുറമുഖ പട്ടണത്തിലേക്ക് വന്നെത്തിയ നാവികന്‍ വരെ ഇതില്‍പ്പെടും. ബോട്ട്‌ജെട്ടിയുടെ പിറകില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കായതിനാല്‍ അവരെ ആകര്‍ഷിക്കാനുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. മുസിരിസ് ബിനാലെയില്‍ ഉപയോഗിച്ച വര്‍ണ്ണങ്ങളും ഛായക്കൂട്ടുകളും തന്നെയാണ് ഇവിടെയും. സുധിക്ക് സഹായിയായി സുഹൃത്തായ ബാബുരാജുമുണ്ട്. ഒരു മാസത്തിനകം ചിത്രരചന പൂര്‍ത്തീകരിക്കും.
നേരത്തെ മുസിരിസ് ബിനാലെയുടെ ഭാഗമായി ബോട്ട് ജെട്ടിക്ക് അരികിലുള്ള ആംഫി തിയറ്റര്‍ പരിസരത്തെ ചുവരില്‍ വരച്ച ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചേരമാന്‍ ജുമാ മസ്ജിദ്, കീഴ്ത്തളി ശിവക്ഷേത്രം, മാര്‍ത്തോമ തീര്‍ത്ഥാടന കേന്ദ്രം, പാലിയം കൊട്ടാരം തുടങ്ങിയ ചരിത്ര ഗേഹങ്ങളുടെ ചിത്രങ്ങളാണ് അഴകോടെ വരച്ചു ചേര്‍ത്തിരുന്നത്.