Spread the love

‘സൗന്ദര്യവതിയാകാന്‍’ മുസിരിസ് മുനയ്ക്കല്‍ ബീച്ച്; വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 18ന് തുടക്കം

കേരളത്തിലെഏറ്റവും കൂടുതല്‍ മണല്‍പ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് വികസനപദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. അത്യാധുനികവും അടിസ്ഥാന സൗകര്യങ്ങളുമുള്ള ബീച്ചായി മുനയ്ക്കലിനെ മാറ്റുകയാണ് ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 18ന് രാവിലെ 11ന് സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. ബെന്നി ബെഹന്നാന്‍ എംപി മുഖ്യാതിഥിയാകും.

ബീച്ചിലെ നിലവിലുള്ള സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതി സൗന്ദര്യം പൂര്‍ണമായും നിലനിര്‍ത്തികൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിടുന്നത്. 2020 ജനുവരി 29നാണ് മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബീച്ച് നവീകരിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ ബീച്ചിലുള്ള പാര്‍ക്കും മറ്റ് കെട്ടിടങ്ങളും നവീകരിക്കും.മിയാവാക്കി വനവും ചൂളമരക്കാടുകളും ചീനവലകളും ഉള്‍പ്പെടെയുള്ള വിശാലമായ മണല്‍പ്പരപ്പോടുകൂടിയ 35 ഏക്കറിലധികം വരുന്ന ബീച്ചില്‍ 5.97 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കുക.

ബീച്ചിനുള്ളില്‍ മൂന്നു കിലോമീറ്ററോളം ദൂരത്തിലുള്ള സൈക്കിള്‍ പാത, വിശാലമായ പാര്‍ക്കിംഗ് സൗകര്യം,വിശ്രമ സങ്കേതങ്ങള്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, പ്രായഭേദമെന്യേ ഏവര്‍ക്കുമുള്ള വിനോദമാര്‍ഗങ്ങള്‍,പുലിമുട്ട് മുതല്‍ എല്ലാ ഭാഗങ്ങളിലും ഭിന്നശേഷി സൗഹൃദ നടപ്പാതകള്‍,സൈന്‍ പോസ്റ്റുകള്‍,സി സി ടി വി ഗാര്‍ഡ് പോസ്റ്റ്, മനോഹരമായ വഴിവിളക്കുകള്‍ കൂടാതെ കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിനഭിമുഖമായി നില്‍ക്കുന്ന ബീച്ചില്‍ സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് പ്രത്യേക ഇരിപ്പിടവും തയ്യാറാക്കും. ലാന്റ്‌സ്‌കേപിംഗ് നടത്തി ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിപാലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

മുസിരിസ് പദ്ധതിയുടെ ഭാഗമായ 12 ബോട്ട് ജെട്ടികളിലൊന്ന് മുനയ്ക്കല്‍ ബീച്ചിലാണ്. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ജലമാര്‍ഗം ബീച്ചിലെത്തുന്നതിന് ഇത് സഹായമാകും. 73 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ബോട്ട് ജെട്ടിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ച ശേഷം അഴിമുഖത്തെത്തി സായാഹ്ന സൗന്ദര്യവും ആസ്വദിക്കാം.

ഇ ടി ടൈസണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.വി ജെ മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളാകും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, വാര്‍ഡ് അംഗം സുമിത ഷാജി, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply