കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ട മുസിരിസ് മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നു. ബോട്ട് സര്‍വീസും ആരംഭിച്ചു. പൈതൃക പദ്ധതിയുടെ കീഴില്‍ മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക മ്യൂസിയം, പറവൂര്‍ സിനഗോഗ്, കോട്ടയില്‍ കോവിലകം സിനഗോഗ്, പാലിയം കോവിലകം, പാലിയം നാലുകെട്ട്, സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, മാള ജൂത സിനഗോഗ് എന്നിവയാണ് പ്രവര്‍ത്തനമാരംഭിച്ചത്. തൃശൂര്‍ ജില്ലയില്‍ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ച്, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം കായലോരം എന്നിവ നേരത്തെ തുറന്ന് കൊടുത്തിരുന്നു.കോവിഡിന് മുന്‍പ് കായല്‍ഭംഗി ആസ്വദിച്ച് മ്യൂസിയങ്ങള്‍ കാണാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 3000 മുതല്‍ 5000 വരെ ആളുകള്‍ ഓരോ മാസവും എത്തിയിരുന്നു. വിനോദസഞ്ചാര മേഖല സജീവമാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘ഹെറിറ്റേജ് വോക്’ പദ്ധതിയുടെ ആദ്യഘട്ടമായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ മുസിരിസ് പ്രദേശം കാണിക്കാനുള്ള പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. രണ്ട് ഘട്ടമായി എട്ട് പുതിയ ബോട്ടുകള്‍ കൂടി മുസിരിസിലേയ്ക്ക് വരുന്നതോടെ പദ്ധതിയിലെ ബോട്ടുകളുടെ എണ്ണം 19 ആകും.നിലവിലെ 11 ബോട്ടുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജലയാത്രയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്.ലോക്ക്ഡൗണിനെ തുടര്‍ന്ന് നാല് മാസത്തിലേറെയായി കരയ്ക്ക് അടുപ്പിച്ച ബോട്ടുകള്‍ നീറ്റിലിറങ്ങുന്നതോടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അടക്കം വലിയ പ്രതീക്ഷയിലാണ്.
മുസിരിസ് ടൂറിസം പദ്ധതിയില്‍ വടക്കന്‍ പറവൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ 12 ബോട്ട് ജെട്ടികളാണ് പണി തീര്‍ത്തിരിക്കുന്നത്.വടക്കന്‍ പറവൂരിലെയും കൊടുങ്ങല്ലൂരിലെയും ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാം ജലമാര്‍ഗം ബന്ധിപ്പിച്ചുകൊണ്ടാണ് ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ട് സര്‍വീസ് നടത്തുന്നത്.
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്, പി എ സെയ്ത് മുഹമ്മദ് കള്‍ച്ചറല്‍ മ്യൂസിയം, അഴീക്കോട് മാര്‍ത്തോമ ക്രിസ്ത്യന്‍ ലൈഫ് സ്‌റ്റൈല്‍ മ്യൂസിയം എന്നിവ മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. മാള ഐരാണിക്കുളം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ച് സൗന്ദര്യവല്‍ക്കരണം, മതിലകം ബംഗ്ലാവ് കടവ് ബോട്ട് ജെട്ടി, മുനയ്ക്കല്‍ ബോട്ട് ജെട്ടി, കീഴ്ത്തളി ശിവക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം ഊട്ടുപുര, അക്കോമഡേഷന്‍ ബ്ലോക്ക്, എടവിലങ്ങ് പതിനെട്ടരയാളം കോവിലകം തുടങ്ങി വിവിധങ്ങളായ പദ്ധതികളുടെ നവീകരണപ്രവൃത്തികളും പുരോഗമിക്കുകയാണെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു.