തീരത്തിന് ഇനി മുസിരിസ് ‘സുരക്ഷ’
മുസിരിസിന്റെ തീരദേശത്തിന് ഇനി മുസിരിസ് പൈതൃക പദ്ധതിയുടെ ‘സുരക്ഷ’. കാറ്റിലും കോളിലും പ്രതിസന്ധികളെ മറികടന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന അത്യാധുനിക സുരക്ഷാ ബോട്ടുകൾ നീറ്റിലിറക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ നാല് പേർക്ക് വീതമിരിക്കാവുന്ന സ്പീഡ് ബോട്ടുകളിലൊന്ന് കോട്ടപ്പുറം കായലിൽ ഇറക്കിക്കഴിഞ്ഞു. 90 എച്ച് പി എഞ്ചിനും 25 നോട്ട് വേഗതയോട് കൂടിയതുമായ ബോട്ടാണ് നീറ്റിലിറങ്ങിയത്. കേരള ഷിപ്പിങ് ഇന്‍ലാൻ്റ് നാവിഗേഷന്‍ കേര്‍പറേഷന്‍ കമേഴ്‌സ്യൽ മാനേജർ സിറിൽ എബ്രഹാമിൽ നിന്ന് സുരക്ഷാ ബോട്ട് അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഏറ്റുവാങ്ങി.
രണ്ട് ഘട്ടങ്ങളിലായി എട്ട് ബോട്ടുകളാണ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നത്. ആദ്യഘട്ടത്തിൽ 3.13 കോടി ചെലവഴിച്ച് നാല് ബോട്ടുകളാണ് നീറ്റിലിറക്കുക. സുരക്ഷാപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചാരികൾക്കും യാത്രചെയ്യാൻ സൗകര്യപ്രദമായ രീതിയിലാണ് ഇതിന്റെ നിർമാണം. കേരള ഷിപ്പിങ് ഇന്‍ലാൻറ് നാവിഗേഷന്‍ കേര്‍പറേഷനാണ് നിർമാണച്ചുമതല.
2018ലെ പ്രളയം മുസിരിസിന്റെ പ്രാന്തപ്രദേശങ്ങളെ ഗണ്യമായി ബാധിച്ചിരുന്നു. വാട്ടർ ടാക്സികളടക്കം 11 ബോട്ടുകളാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ജലപാതയിലുള്ളത്. മേഖലയിൽ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളും സമീപത്തെവിടെയും ഇല്ല. അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത മീൻപിടിത്ത ബോട്ടും അഴീക്കോട് തീരദേശ പൊലീസിന്റെ രണ്ട് നിരീക്ഷണ ബോട്ടുകളും മാത്രമാണുള്ളത്. ഈ സന്ദർഭത്തിലാണ് സുരക്ഷാ ബോട്ടുകൾ എന്ന ആശയത്തിന് അധികൃതർ രൂപം നൽകുന്നത്. മുസിരിസിന്റെ പുതിയ സുരക്ഷാ ബോട്ട് കടലിലെ അപകടങ്ങളിലും ഉപയോഗപ്പെടുത്തുവാൻ കഴിയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ മുസിരിസ് ജലപാതയിലെ മുഴുവൻ ബോട്ടുകളും അറ്റകുറ്റപ്പണികളും പെയിൻ്റിങും നടത്തി ആകർഷകമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.