Spread the love

കഴുത്തൊപ്പം വെള്ളത്തിലേക്ക് ബസ് ഓടിച്ചിറക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഷനിലേക്ക്‌…

റോഡിൽ അപകടകരമായ ഉയരത്തിൽ വെള്ളം നിറഞ്ഞൊഴുകുന്ന അവസ്ഥയിൽ അപക്വമായും ഉദാസീനമായും മനുഷ്യ ജീവന് അപകടം വരും എന്ന് ബോധ്യത്തോടുകൂടി 14 യാത്രക്കാരെ വഹിച്ച് വന്ന കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർ ആയ ശ്രീ ജയദീപ് എസ് ന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചുതുടങ്ങി. പാലാ MVIയുടെയും കോട്ടയം എൻഫോഴ്സ്മെൻറ് RTOയുടെയും റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കോട്ടയം RTO കാരണം കാണിക്കൽ നോട്ടീസ് നൽകി. സമൂഹമാധ്യമങ്ങളിലും മറ്റും ടിയാന്റെ പ്രവർത്തിയെ വളരെയധികം വിമർശനവിധേയമായതിനെ തുടർന്നും, വിവിധ കേന്ദ്രങ്ങളിൽ നിന്ന് അയച്ചു നൽകപ്പെട്ട ദൃശ്യങ്ങളിലും, അപകടകരവും അപക്വവും മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്നതും ആണ് ടിയാന്റെ ഡ്രൈവിംഗ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹന നിയമം 184 പ്രകാരമുള്ള കുറ്റകൃത്യം ചെയ്തതായി ബോധ്യപ്പെട്ടതിനാൽ, ടിയാന്റെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാതിരിക്കാനുള്ള കാരണം എന്തെങ്കിലുമുണ്ടെങ്കിൽ 14 ദിവസത്തിനകം ബോധ്യപ്പെടുത്താൻ ആണ് കോട്ടയം ആർടിഒ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ മറുപടി ലഭിക്കാത്ത പക്ഷം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

Leave a Reply