കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ആഘോഷിക്കുന്ന ഒരു കാര്യമാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ. ഇതിനോട് ബച്ചൻ കുടുംബമോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. ഈ റിപ്പോർട്ടുകൾക്കിടയിൽ, അഭിഷേക് ബച്ചന് നടി നിമ്രത് കൗറുമായി ബന്ധമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഇതിലും പരസ്യ പ്രതികരണങ്ങളൊന്നും ഒരു ഭാഗത്ത് നിന്നും വന്നിട്ടില്ല.
മുൻപ് അംബാനി കുടുംബത്തിലെ കല്യാണത്തിനും മുഴുവൻ ബച്ചൻ കുടുംബവും ഒന്നിച്ചു വന്നപ്പോൾ ഐശ്വര്യയും മകൾ ആരാധ്യയും മാത്രം തനിച്ചെത്തിയിരുന്നു. അപ്പോഴേ ബച്ചൻ കുടുംബത്തിലെ ഐശ്വര്യയുടെ ഒറ്റപ്പെടൽ ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് അമിതാഭ് ബച്ചൻ. സോഷ്യൽ മീഡിയയിലൂടെയാണ് നടന്റെ പ്രതികരണം.
‘എന്റെ കുടുംബത്തെ കുറിച്ച് ഞാൻ ആരോടും സംസാരിച്ചിട്ടില്ല. വളരെ അപൂർവമായി മാത്രമാണ് കുടുംബത്തെ കുറിച്ച് ഞാൻ എന്തെങ്കിലും പറയാറുള്ളൂ. കാരണം, കുടുംബം എന്നത് എന്റെ സ്വകാര്യതയാണ്. എന്റെ കുടുംബത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണ്. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് മാധ്യമങ്ങൾ. അസത്യങ്ങൾ ഒരിക്കലും പ്രചരിപ്പിക്കരുത്. ഊഹാപോഹങ്ങൾ എപ്പോഴും ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും’.
‘ചോദ്യചിഹ്നമിട്ടുകൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. അസത്യങ്ങൾ എഴുതിയ ശേഷം ചോദ്യചിഹ്നം ഇടുന്നത് അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാകാം. പക്ഷേ ചോദ്യചിഹ്നമിടുന്ന വാർത്തകൾ എരിവും പുളിയുമുള്ള അസത്യങ്ങളാണ് സമൂഹത്തിന് മുന്നിലേക്ക് എത്തിക്കുന്നത്. വായനക്കാർ ഇത് വിശ്വസിക്കുന്നു’.
ഉറപ്പില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. സമൂഹത്തെ അസത്യങ്ങൾ കൊണ്ട് നിറയ്‌ക്കരുത്. ഈ വാർത്തകളുമായി ബന്ധപ്പെട്ടിരിക്കുന്നവരെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് കൂടി എല്ലാവരും ചിന്തിക്കണം. അടിസ്ഥാനരഹിതമായ കാര്യങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ലെന്നും അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു.