പത്തനംതിട്ട∙ മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ മൂന്നു പ്രതികൾ പിടിയിലായി. തെങ്കാശി സ്വദേശികളായ ബാലസുബ്രമണ്യന്‍, മുരുകൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് പറയുന്ന ഹാരിഫ് എന്നിവരാണ് പിടിയിലായത്. പ്രതികളെ തെങ്കാശിയിൽനിന്നും പത്തനംതിട്ടയിൽ എത്തിച്ച് തെളിവെടുപ്പിന് കൊണ്ടുപോയി. ഹാരിഫിനെതിരെ മുൻപ് നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധിത്തവണ ജയിലിലും കിടന്നിട്ടുണ്ട്. ഇയാൾ ബാലസുബ്രമണ്യനെയും മുരുകനെയും ജയിലിൽ വച്ചാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
ഡിസംബർ 30നാണു ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനറി സാധനങ്ങളും വീട്ടു സാധനങ്ങളും ഉൾപ്പെടെ വിൽക്കുന്ന കടയായിരുന്നു. ദിവസവും 6 മണിക്ക് ജോർജ് കടയടച്ചു വീട്ടിൽ പോകാറാണു പതിവ്. കാണാതായതോടെ കൊച്ചുമകൻ തിരഞ്ഞെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജോർജിന്റെ കഴുത്തിൽക്കിടന്ന 9 പവന്റെ മാലയും മേശയിലുണ്ടായ പണവും നഷ്ടപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
12 വർഷമായി മൈലപ്ര പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ കച്ചവടം നടത്തുന്നയാളാണു ജോർജ്. മോഷണ ശ്രമത്തിനിടെ ജോർജ് ഉണ്ണൂണ്ണിയെ കഴുഞ്ഞുഞെരിച്ചു കൊന്നത്. കഴുത്തുഞെരിച്ചു കൊല്ലാൻ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടുപിടിച്ചിരുന്നു.