ആലുവയിൽ നവവധു ആത്മഹത്യ ചെയ്തതിനു പിന്നിൽ ദുരൂഹത. പോലീസ് സ്റ്റേഷനിലെ സിഐയ്ക്ക് എതിരെയും ഭർത്താവിനും ഭർതൃ വീട്ടുകാർക്കെതിരെയും എഴുതിയ ആത്മഹത്യാ കുറിപ്പാണു സംഭവത്തിൽ ദുരൂഹത കൂടാൻ കാരണം. കുടുംബ പ്രശ്നം പരിഹരിക്കുന്നതിനിടെ സി.ഐ മോശമായി പെരുമാറിയെന്ന് കുറിപ്പിൽ പറയുന്നുണ്ട്.എടയപ്പുറം സ്വദേശി മോഫിയ പർവിനെ (21)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്‌സിയ ആത്മഹത്യ ചെയ്തത്. നിയമ വിദ്യാർത്ഥിനിയാണ് യുവതി..ഭർത്താവുമായി അകന്നു കഴിയുന്ന മോഫിയ പർവീൻ ഗാർഹിക പീഡനത്തെ കുറിച്ച് പരാതി നൽകാനായി തിങ്കളാഴ്ച ആലുവ സി.ഐ ഓഫിസിലെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനായി ഭർത്താവിനെയും വീട്ടുകാരെയും സി.ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഓഫിസിൽ യുവതിയെ ഭർതൃവീട്ടുകാരുടെ മുന്നിൽ സി.ഐ അപമാനിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സംഭവം ഏറെ മാനസിക സംഘർഷം ഉണ്ടാക്കിയതായും യുവതി കുറിപ്പിൽ എഴുതിയിട്ടുണ്ട്.

“പപ്പാ ചാച്ചാ സോറി നിങ്ങൾ എന്നോട് പൊറുക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശെരി. അവൻ ശെരിയല്ല, പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരെക്കാളും സ്നേഹിച്ചയാൾ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും. എന്തായാലും പപ്പാ ചാച്ചാ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് എവിടെ തന്നെയുണ്ടാകും” എന്നാണ് കത്തിൽ മാതാപിതാക്കളോടായി മോഫിയ പറഞ്ഞിരിക്കുന്നത്. സിഐയ്ക്ക് എതിരെയും യുവതി കത്തിൽ പരാമർശിച്ചിട്ടുണ്ട്.

“ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കും എന്നറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്ന് പറയ്. എനിക്കിനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു പടച്ചോൻ നിന്നോട് പൊറുക്കൂല” എന്നും കത്തിൽ പറയുന്നുണ്ട്.
