ഉത്തര കൊറിയയിൽ അജ്ഞാതമായ ഉദര രോഗം. കോളറ അല്ലെങ്കിൽ ടൈഫോയിഡിന്റെ വകഭേദമാകാം രോഗമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 800 ലധികം കുടുംബങ്ങളിൽ നിന്നായി 1600 -ൽ പരം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. രണ്ടരക്കോടി ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ ഏതാണ്ട് അമ്പത് ലക്ഷത്തോളം പേർക്ക് ഇതിനകം പകർച്ചപ്പനി ബാധിച്ചു കഴിഞ്ഞു. മരിച്ചത് 73 പേർ.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പടിഞ്ഞാറൻ പ്രവിശ്യയായ സൗത്ത് ഹ്വാങ്‌ഹെയിൽ “അക്യൂട്ട് എന്ററിക് പകർച്ചവ്യാധി” നേരിടാൻ മരുന്നുകൾ അയച്ചതായി പറയുന്നു. പല ഭാഗങ്ങളിലും ദരിദ്രവും അവികസിതവുമായ ഉത്തര കൊറിയയിൽ കാലാകാലങ്ങളിൽ ഇത്തരം രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് വളരെക്കാലമായി കണ്ടുവരുന്നു.