തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു താര ദമ്പതികളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം. വർഷങ്ങൾ കഴിയുമ്പോഴും ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുകയാണ്. ഇതിൽ പ്രതികരിക്കുകയാണ് നാഗചൈതന്യ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാവരും ഇപ്പോഴും തന്റെ വിവാഹമോചനത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും തന്നെ കുറ്റക്കാരനായാണ് സമൂഹം കാണുന്നതെന്നും നാഗചൈതന്യ പറയുന്നു. “എന്റെ വിവാഹമോചനം എനിക്ക് ഏറെ സെൻസിറ്റീവായ വിഷയമാണ്. ഇപ്പോഴും അത് ചർച്ചയാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. തികച്ചും സ്വകാര്യമായ കാരണങ്ങളാലാണ് ഞങ്ങൾ പിരിഞ്ഞത്. അത് എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം”.
“ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വ്യത്യസ്ത വഴികളിലൂടെ ഞങ്ങൾ മുന്നോട്ടുപോവുകയാണ്. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞങ്ങളെ ഇഷ്ടപ്പെടുന്നവരും മാധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം”- നാഗചൈതന്യ പറഞ്ഞു.
വിവാഹമോചനം ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. ഒരുപാട് ആലോചിച്ച ശേഷമാണ് ഞങ്ങൾ തീരുമാനമെടുത്തത്. എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച ഒന്നല്ലയിത്. പിന്നെ എന്തിനാണ് എന്നെ മാത്രം ഒരു കുറ്റവാളിയെ പോലെ എല്ലാവരും കാണുന്നതെന്നും നാഗചൈതന്യ ചോദിച്ചു.