മലയാളികളെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് നന്ദു മഹാദേവ. ക്യാന്‍സര്‍ എന്ന മഹാവ്യാധിയോടെ പടപൊരുതുന്നത് എങ്ങനെയെന്ന് തെളിയിച്ച യുവാവ്. ഇപ്പോള്‍ ആദ്യമായി തനിക്ക് വേണ്ടി തന്നെ സഹായം ചോദിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നന്ദു. ‘ഇനി ഒരു അടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ നന്ദു പറയുന്നു. ചികിത്സയ്ക്കുള്ള ഭീമമായ ചിലവ് താങ്ങാനാവാത്ത അവസ്ഥയാണെന്നും കഴിയുന്ന പോലെ സഹായിക്കണമെന്നും നന്ദു അപേക്ഷിക്കുന്നു.ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തില്‍ ആണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു,
വീഡിയോയ്ക്ക് ഒപ്പം നന്ദു കുറിച്ച വാക്കുകളിങ്ങനെ;
ഇന്ന് ചിങ്ങം ഒന്നാണ്. ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന്‍ തന്നെയാണ്. നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..! ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍.ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു. ഇനി എനിക്കറിയില്ല. ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല. ഇപ്പോഴും പുതിയൊരു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ എനിക്ക് കീമോയാണ് കീമോയാണ് എന്നു കേട്ടു കേട്ടു നിങ്ങളൊക്കെ മടുത്തിട്ടുണ്ടാകും. അപ്പോള്‍ അത് നേരിടുന്ന എന്റെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ.