പുൽപള്ളി : രാവിലെ റോഡിലൂടെ ചിരിച്ചു കളിച്ചു നടന്ന യുവാവ് വൈകാതെ കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ അമ്പരപ്പിലാണ് കതവക്കുന്ന് ഗ്രാമം. ഏതാനും വർഷം മുമ്പ് ഗോത്രയുവാവിനെ കടുവ കൊന്നുഭക്ഷിച്ച് ഏതാനും എല്ലുകൾ മാത്രം ബാക്കി വച്ച സ്ഥലത്തിനടുത്താണ് ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ തെക്കേക്കര അമൽദാസ് എന്ന നന്ദു (22) സ്വന്തം പിതാവിന്റെ കരങ്ങളാൽ കൊല്ലപ്പെട്ടത്.
മകന് എന്തോ ദുരന്തമുണ്ടായെന്ന അമ്മ സരോജിനിയുടെ ഫോൺവിളി കേട്ടെത്തിയ അയൽവാസികളാണ് അടഞ്ഞുകിടന്ന വീടിന്റെ ജനലിലൂടെ നിശ്ചലമായ അമൽദാസിന്റെ മൃതദേഹം കണ്ടത്. പിന്നീട് പൊലീസെത്തിയതോടെ ജനങ്ങളുടെ പ്രവാഹമായി. അമലിന്റെ സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരുമെല്ലാം പാഞ്ഞെത്തി. ആരോടും കാര്യമായി ഇടപഴകാത്ത സ്വഭാവക്കാരനായിരുന്നു അമലിന്റെ പിതാവ് തെക്കേക്കര ശിവദാസൻ (54). എന്നാൽ മകന് നാട്ടുകാരുമായി നല്ല സൗഹൃദവും.
ശിവദാസന്റെ പീഡനങ്ങൾ സഹിക്കാതെയാണ് ഭാര്യ സരോജിനിയും മകൾ കാവ്യയും കബനിഗിരിയിലെ സ്വന്തം വീട്ടിലേക്ക് മാറിയത്. അപ്പോഴും പിതാവിന് കൂട്ടായി കഴിഞ്ഞ മകനാണ് ഇന്നലെ കിടന്ന കിടപ്പിൽ തലതകർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം വീടുവിട്ടിറങ്ങിയ ശിവദാസനായുള്ള തിരച്ചിൽ ഊർജിതമായി ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ തെളിവുകളൊന്നും നഷ്ടപ്പെടുത്താതെ പൊലീസ് വിശദമായ പരിശോധനയും നടത്തി.
വനാതിർത്തിയിലെ പാടത്തെ കാവലിനു ശേഷം വീട്ടിലെത്തിയ അമൽദാസ് കട്ടിലിൽ കിടന്ന് അമ്മയോടു ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പിതാവ് കോടാലികൊണ്ട് തലയ്ക്കടിച്ചത്. തൽക്ഷണം മകൻ മരിച്ചതോടെ വീടിനു പുറത്ത് കോടാലിയിട്ട് ശിവദാസൻ നാടുവിട്ടു. മകൻ അമ്മയോടു സംസാരിക്കുന്നതും പിതാവ് വിലക്കിയിരുന്നു. ഭാര്യയോട് വർഷങ്ങളായി പകയുള്ള ശിവദാസന്റെ പേരിൽ കൊലപാതക ശ്രമത്തിന് പരാതിയുമുണ്ട്.
കുടുംബത്തർക്കം പരിഹരിക്കുന്നതിന് ജാഗ്രതാ സമിതി പലവട്ടം യോഗം ചേരുകയും ഇവരെ ഒന്നിച്ച് വിടാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഗോവയിൽ നിന്നു വന്നശേഷം ഒന്നിച്ചു കഴിയാമെന്ന് സരോജിനി അറിയിച്ചിരുന്നു. എന്നാൽ ഭാര്യ വന്നില്ലെന്ന പരാതിയുമായി ഞായറാഴ്ച ശിവദാസൻ സ്റ്റേഷനിലെത്തിയിരുന്നു. രണ്ടു പേരും ഒന്നിച്ചുവരണമെന്നാവശ്യപ്പെട്ട് പറഞ്ഞു വിട്ടതാണെങ്കിലും ആരുമെത്തിയില്ലെന്ന് എസ്.ഐ.വി.ആർ.മനോജ് പറഞ്ഞു.