Spread the love

ഊട്ടി ∙ പന്തല്ലൂരിലെ മങ്കോറേഞ്ചിൽ പുലിയുടെ ആക്രമണത്തിൽ മരണപ്പെട്ട ബാലിക നാൻസിയുടെ മൃതദേഹം മാതാപിതാക്കളുടെ സ്വദേശമായ ജാർഖണ്ഡിലേക്കു കൊണ്ടുപോയി. ശനിയാഴ്ച അങ്കണവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം മടങ്ങുകയായിരുന്ന ബാലികയെയാണ് പുലി പിടികൂടിയത്.

അമ്മയുടെ കരച്ചിൽ കേട്ട് എത്തിയ സഹതൊഴിലാളികളും വനംവകുപ്പ് ജീവനക്കാരും ചേർന്നു നടത്തിയ തിരച്ചിലിൽ ഗുരുതര പരുക്കേറ്റ നിലയിൽ തേയിലത്തോട്ടത്തിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി.

ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആംബുലൻസിലാണ് കോയമ്പത്തൂരിലെത്തിച്ചത്. വിമാനമാർഗം ആദ്യം ചെന്നൈയിലേക്കു കൊണ്ടുപോയി. അവിടെ നിന്നാണു ജാർഖണ്ഡിലെ റാ​ഞ്ചിയിലേക്കു കൊണ്ടുപോയത്. നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണു മൃതദേഹം കോയമ്പത്തൂരിലെത്തിച്ചത്.

ജാർഖണ്ഡിലേക്കുള്ള വിമാനയാത്രയുടെ ചെലവ് നീലഗിരി എംപി വഹിച്ചു. തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായ തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് കലക്ടർ എം.അരുണ ബാലികയുടെ പിതാവ് ശിവ്ശങ്കർ ഗുരുവയ്ക്കു കൈമാറി. പന്തല്ലൂരിൽ 2 പേരെ കൊലപ്പെടുത്തുകയും 3 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ ഇന്നലെ ഉച്ചയോടെ ചെന്നൈ വണ്ടല്ലൂരിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി.

പന്തല്ലൂരിൽ വീണ്ടും പുലി ഭീതി
ഊട്ടി ∙ പന്തല്ലൂരിനു സമീപം വീണ്ടും പുലിയിറങ്ങി. പാരിഅഗ്രോ തേയിലത്തോട്ടത്തിലാണ് ഞായറാഴ്ച രാത്രി പുലിയെ കണ്ടത്. തൊഴിലാളികളുടെ വീടിനു സമീപമാണു പുലിയെ കണ്ടത്. ശനിയാഴ്ച പുലിയുടെ ആക്രമണത്തിൽ ബാലിക മരണപ്പെട്ട സ്ഥലത്തിനു സമീപമാണു പുതിയ പുലിയെ കണ്ടതെന്നത് ജനങ്ങളുടെ ഭീതി വർധിപ്പിച്ചു.

വിവരം അറിഞ്ഞെത്തിയ വനപാലകർ പുലിയെ കണ്ട ഭാഗത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. കുട്ടികളെ തനിച്ച് വീടിനു പുറത്തേക്കു വിടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായി ജോലിസമയം ക്രമീകരിക്കാനും പറഞ്ഞു. അത്യാഹിതം സംഭവിക്കാതിരിക്കാൻ അതീവ മുൻകരുതൽ വേണമെന്ന് അധികൃതരോട് പന്തല്ലൂരിലെ സർവകക്ഷി പ്രതിനിധികൾ ആവശ്യപ്പെട്ടു.

Leave a Reply