‘വിക്ര’മിൽ നരേനും ;കമൽ ഹാസനൊപ്പം പ്രധാന വേഷം
തമിഴിൽ നിന്നും സ്വപ്നസമാനമായ വേഷം തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ്
മലയാളികളുടെ പ്രിയപ്പെട്ട താരം നരേൻ. കമൽഹാസനെ നായകനാക്കി ലോകേഷ്
കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നരേൻ അഭിനയിക്കുന്നത്.
ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള റോളാണ് നരേന്‍റേത്.
വിക്രമിന്‍റെ ട്രെയ്‍ലർ കണ്ട് അഭിനന്ദനം അറിയിക്കാൻ നരേൻ ലോകേഷിനെ വിളിച്ചപ്പോഴാണ്
സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചതെന്ന് നരേൻ പറയുന്നു. ദുബായിൽ മറ്റൊരു
ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു ഇത്. നാട്ടിൽ വന്ന് തിരക്കഥ വായിച്ചപ്പോൾ
എക്സൈറ്റഡ് ആയെന്നും നരേൻ പറയുന്നു.
‘ചെറുപ്പം മുതൽ കമൽഹാസൻ എന്ന മഹാനടന്‍റെ ആരാധകനാണ്. അദ്ദേഹത്തോടൊപ്പം
ഒരു സിനിമ ചെയ്യുക എന്നത് സ്വപ്നവും. ആ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.
കമൽഹാസന്‍റെ കടുത്ത ആരാധകനും പ്രതിഭാധനനായ സംവിധായകനുമായ
ലോകേഷിന്‍റെ ചിത്രത്തിൽ ആകുമ്പോൾ ഇരട്ടി സന്തോഷവും ഉണ്ട്’ -നരേൻ പറയുന്നു.
യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ
സംയുക്തമായി നിർമിക്കുന്ന രണ്ട് ചിത്രങ്ങളിലാണ് നരേൻ അഭിനയിക്കുന്നത്. ജോജു ജോർജ്,
ഷറഫുദ്ദീൻ എന്നിവർക്കൊപ്പമാണ് മലയാളത്തിലെ ചിത്രം. പരിയേറും പരിമാളിലെ ഹിറ്റ് ജോഡി
കതിർ-ആനന്ദി എന്നിവർക്കൊപ്പം തമിഴ് ചിത്രമാണ് മറ്റേത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.