Spread the love
സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി

ചരിത്രത്തിൽ ഇടം പിടിയ്ക്കാനൊരുങ്ങി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാനൂറാം ജന്മവാർഷികത്തിൽ ആണ് മോദിയുടെ പ്രസംഗം. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ്, ചെങ്കോട്ടയിൽ നിന്നാണ് 1675 ൽ ഗുരു തേജ് ബഹദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാരണത്താലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ചെങ്കോട്ട തന്നെ തെരഞ്ഞെടുത്തത്. ചെങ്കോട്ടയ്ക്ക് സമീപമാണ് ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാര. ഗുരു തേജ് ബഹാദൂറിനെ മുഗളന്മാർ ശിരഛേദം ചെയ്ത സ്ഥലത്താണ് ഇത് നിർമിച്ചത്. പാർലമെന്റിന് സമീപമുള്ള ഗുരുദ്വാര അദ്ദേഹത്തിന്റെ ശ്മശാന സ്ഥലത്താണ് നിർമിച്ചത്.

രാത്രി 9.30നാണ് മോദിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണയാണ്. ആദ്യ തവണ രാവിലെ 9 മണിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചടങ്ങിനോടനുബന്ധിച്ച് സ്മാരക നാണയവും തപാൽ സ്റ്റാമ്പും മോദി പുറത്തിറക്കും. വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ 400 സിഖ് സംഗീതജ്ഞരുടെ കലാപരിപാടികളും ‌ഉണ്ടായിരിക്കും. അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നുള്ളവർ ഉൾപ്പെടെ 400 സിഖ് ജാതേദാർമാരുടെ കുടുംബങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ 11 മുഖ്യമന്ത്രിമാരും പ്രമുഖ സിഖ് നേതാക്കളും പങ്കെടുക്കുന്ന പരിപാടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച തുടക്കമിട്ടു.

Leave a Reply