ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഊർജത്തോടെ പ്രവർത്തിക്കണമെന്നു ബിജെപി നേതാക്കളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദേശീയ കൺവൻഷനിലാണ് മോദിയുടെ ആഹ്വാനം. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം. എൻഡിഎ 400 സീറ്റ് നേടണം. എൻഡിഎ 400 സീറ്റ് നേടണമെങ്കിൽ ബിജെപി 370 സീറ്റ് നേടണം. കൂട്ടായ പ്രവർത്തനമുണ്ടായാൽ ബിജെപി കൂടുതൽ സീറ്റ് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘ഞാൻ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നിയമങ്ങൾ നടപ്പാക്കിയ സര്‍ക്കാരാണിത്. ബലാത്സംഗത്തിനു വധശിക്ഷ ഉറപ്പാക്കി. സമൂഹത്തിൽ തഴയപ്പെട്ടവർക്കു വേണ്ടിയാണു സർക്കാർ പ്രവർത്തിച്ചത്. പുതിയ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള സമയമായി. അഴിമതിരഹിത സർക്കാരാണ് കഴിഞ്ഞ പത്തുവർഷം രാജ്യം ഭരിച്ചത്. കോൺഗ്രസ് – ബിജെപി സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം ഇതാണ്.
കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങളെപ്പറ്റിയാണു ലോകരാജ്യങ്ങൾ സംസാരിക്കുന്നത്. എല്ലാ മേഖലയിലും നേട്ടമുണ്ടാക്കാനായി. അടുത്ത അഞ്ചുവർഷം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കണം. ദരിദ്രരുടെയും മധ്യവർഗക്കാരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടണം. ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെയെടുത്തു.അഞ്ചു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് രാമക്ഷേത്രം നിർമിക്കാനായി. ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യത്തിനു വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിനൊപ്പം വനിതാ സംവരണ ബിൽ പാസാക്കാൻ സാധിച്ചു’’ – പ്രധാനമന്ത്രി പറഞ്ഞു.