Spread the love

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായ വേളയിൽ ടൊവിനോ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രതിസന്ധികളും വെല്ലുവിളികളും ഒരുപാടുണ്ടായിരുന്നു എന്നും അതിനെ തങ്ങൾ ഒറ്റകെട്ടായി നിന്ന് അതിജീവിച്ചു എന്ന് നിർമ്മാതാവ് ടിപ്പു ഷാൻ കുറിച്ചപ്പോൾ, ജീവിതത്തിലെ മറക്കാൻ കഴിയാത്ത, പുതിയ പാഠങ്ങൾ പഠിപ്പിച്ച ജീവിതത്തിലെ ഒരു ഏടാണ് തങ്ങൾക്ക് ഈ ചിത്രമെന്ന് മറ്റൊരു നിർമ്മാതാവായ ഷിയാസ് ഹസ്സൻ പറയുന്നു.

ഷൂട്ടിംഗ് കാലയളവിൽ തങ്ങൾ അറിഞ്ഞതും മനസ്സിലാക്കിയതുമായ പാഠങ്ങൾ ഒരു സ്‌കൂളിനും തരാൻ കഴിയുന്നതായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ വേഷമിട്ട റിനി കെ രാജൻ, സിനിമയുമായി ബന്ധപെട്ടു പ്രവർത്തിച്ച രതീഷ് കുമാർ രാജൻ, പ്രണവ് പറശ്ശിനി, ഗോകുൽനാഥ് ജി എന്നിവര്‍ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടി. ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഏറെ നല്ല ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രമാണ് നരിവേട്ട എന്ന് അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാവും, ഒരു ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുമ്പോൾ തന്നെ ഇത്രയധികം വൈകാരിക അനുഭവങ്ങൾ പങ്ക് വെക്കപ്പെടുന്ന വാക്കുകൾ അതിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് ഉണ്ടാകുന്നത്.

നേരത്തെ ചിത്രത്തിൻ്റെ പാക്കപ്പിന് ശേഷം ടൊവിനോ തോമസ് സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. സുഖവും സന്തോഷവും തോന്നുന്ന ഒരുപാട് ഓര്‍മകള്‍ ഈ ഷൂട്ടിങ് കാലം തനിക്ക് തന്നെന്നും, മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്ക് വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു എന്നും ടൊവിനോ പറയുന്നു. നരിവേട്ടയില്‍ ഒറ്റമനസോടെ, ഒരു സ്വപ്‌നത്തിനുവേണ്ടി ഒരുകൂട്ടം ആളുകള്‍ മുന്നും പിന്നും നോക്കാതെ ഓടിനടന്നു. വലിയൊരു സിനിമ, തീരുമാനിച്ച സമയത്ത്, പരമാവധി പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്, എല്ലാവരും സ്‌നേഹത്തിലും ബഹുമാനത്തിലും ജോലി ചെയ്തതുകൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം സംസാരിക്കുന്ന ഒരു പൊളിറ്റിക്കൽ ഡ്രാമയാണ് ഈ ചിത്രമെന്ന് വെളിപ്പെടുത്തിയ ടൊവിനോ, വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം താൻ നടത്തിയത് എന്നതും എടുത്തു പറഞ്ഞു. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും കഥാപാത്രത്തോടൊപ്പം താനും അനുഭവിച്ചു. എന്നും മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും താരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ഷൂട്ട് ചെയ്തു. നിർമ്മാതാക്കളിൽ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓൺ നടത്തി സിനിമക്ക് തുടക്കമിട്ടത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേക്സ് ബിജോയ്‌ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡിഒപി – വിജയ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Reply