മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽകുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി. 900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും.
അതേസമയം കൊവാക്സീനും കൊവീഷീൽഡിനും ഉപാധികളോടെ ഡിസിജിഐ വാണിജ്യ അനുമതി നല്‍കി. കൊവാക്സിനും കൊവിഷീൽഡിനും ഇതുവരെ അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി. ഒരു വർഷത്തിലേറെയായി രാജ്യത്ത് വാക്സീൻ വിതരണം ചെയ്തതിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി ഉത്പാദകരായ ഭാരത് ബയോടെക്കും സീറം ഇൻസ്റ്റിറ്റ്യൂട്ടും നൽകിയ അപേക്ഷയിലാണ് ഡിസിജിഐ വാണിജ്യാനുമതി നൽകിയത്.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സീൻ വിൽക്കാമെങ്കിലും മരുന്ന് കടകൾക്ക് അനുമതിയില്ല. വാക്സീനുകളുടെ കണക്കും പാർശ്വഫലങ്ങളുടെ വിവരങ്ങളും ഡിസിജിഐക്ക് കൈമാറണമെന്നും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്.