റിയാദ്: സൗദി അറേബ്യയുടെ 92- ാമത് ദേശീയ ദിനാഘോഷത്തിന് വിവിധ പ്രവിശ്യകളില്‍ തുടക്കമായി. ജിദ്ദ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍, അല്‍ഹസ, തായിഫ്, തബൂക്ക്, അബഹ, സറാത്ത് അബീദ, ഖമീസ് മുശൈത്ത്, അല്‍ബാഹ എന്നിവിടങ്ങളില്‍ കര, നാവിക, സൈനിക പ്രകടനങ്ങളാണ് ഇന്നലെ നടന്നത്. ആഘോഷം ഈ മാസം 26 വരെ നീണ്ടുനില്‍ക്കും.
ജിദ്ദയിലും ജുബൈലിലും നാവിക സേനയുടെ ബൈക്ക്, ഹെലികോപ്റ്റര്‍, ബോട്ടുകള്‍ എന്നിവ മ്യൂസിക് സംഘത്തിന്റെ അകമ്പടിയോടെ നടത്തുന്ന പ്രകടനം വൈകുന്നേരം 4.30 മുതല്‍ 5.30 വരെയാണ്.
റിയാദിലെ ദര്‍ഇയയില്‍ വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ സമയങ്ങളില്‍ നാവിക സേനയിലെ സൈക്കിള്‍ റൈഡര്‍മാരുടെ പ്രകടനമുണ്ടാകും.
റിയാദ്, ബുറൈദ, അല്‍കോബാര്‍, മദീന, അബഹ, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, ഹായില്‍, അറാര്‍, സകാക, തബൂക്ക്, ജിദ്ദ, തായിഫ്, അല്‍ഹസ, ഉനൈസ, ഹഫര്‍ അല്‍ബാത്തിന്‍, ദമാം എന്നിങ്ങനെ 18 സ്ഥലങ്ങളിലാണ് രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കുക.