ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ നിലനിർത്താൻ ആലോചിച്ച് ദേശീയ നേതൃത്വം.
ന്യൂഡൽഹി : കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി അടുത്ത വർഷം നവംബർ വരെ സോണിയ ഗാന്ധിയെ നിലനിർത്താൻ ദേശീയ നേതൃത്വം ആലോചിക്കുന്നു. കോൺഗ്രസ് ഭരണഘടന പ്രകാരം 5 വർഷത്തിലൊരിക്കലാണു സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. രാഹുൽ ഗാന്ധി പ്രസിഡന്റായ തിരഞ്ഞെടുപ്പു നടന്നത് 2017 ഡിസംബറിലായതിനാൽ, അതിനു ശേഷമുള്ള 5 വർഷം കണക്കാക്കുമ്പോൾ 2022 അവസാനമാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
അതുവരെ സോണിയ തുടരട്ടെയെന്നും സംഘടനാ തിരഞ്ഞെടുപ്പ് നടത്തി അടുത്ത വർഷമവസാനത്തോടെ പുതിയ പ്രസിഡന്റിനെയും പ്രവർത്തക സമിതിയംഗങ്ങളെയും കണ്ടെത്താമെന്നുമുള്ള ചിന്ത പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
സോണിയയെ മാറ്റി ഒരു വർഷത്തേക്കു മാത്രമായി മറ്റൊരു ഇടക്കാല പ്രസിഡന്റിനെ നിയമിക്കുന്നത് അനാവശ്യ നടപടിയാണെന്നാണു വാദം. അതേസമയം, അനാരോഗ്യം അലട്ടുന്ന സോണിയയെ വിശ്രമിക്കാൻ അനുവദിക്കണമെന്നും എത്രയും വേഗം സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നുമുള്ള ആവശ്യം മുൻപ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന ജി 23 നേതാക്കൾ ഉന്നയിക്കുന്നു. പ്രസിഡന്റ് പദവിയിൽ സോണിയ ഇരിക്കുമ്പോഴും അണിയറയിൽ കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധി തീരുമാനിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
കോവിഡ് വ്യാപനം മൂലമാണു സംഘടനാ തിരഞ്ഞെടുപ്പ് വൈകിയതെന്നും ഇനി തിരഞ്ഞെടുപ്പ് എപ്പോൾ വേണമെന്ന് പ്രവർത്തക സമിതി യോഗം ചേർന്നു തീരുമാനിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണു രാഹുൽ ഗാന്ധി പ്രസിഡന്റ് പദം രാജിവച്ചത്. അതേ വർഷം ഓഗസ്റ്റിൽ ഇടക്കാല പ്രസിഡന്റായി സോണിയ ചുമതലയേറ്റു. 6 മാസത്തേക്ക് താൽക്കാലിക പ്രസിഡന്റ് എന്ന നിലയിൽ ചുമതലയേറ്റ സോണിയ ആ പദവിയിൽ ഇപ്പോൾതന്നെ 2 വർഷം പൂർത്തിയാക്കി.
പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിനു മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ പാർട്ടിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതും സോണിയ ഗാന്ധിയായിരിക്കും.