ഉത്തര്‍ പ്രദേശില്‍ നടക്കുന്ന 46ാംമത് ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കിരീട പ്രതീക്ഷകളുമായി ഇറങ്ങുന്ന കേരള വനിതാ ടീമിനെ ചാലിയം സ്വദേശിനി സി.പി സുനീറാ സിറാജ് നയിക്കും. ജൂണ്‍ ഒന്നു മുതല്‍ നാലു വരെ മധുരയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിനായി കേരള ടീം ഇന്നു യാത്രതിരിക്കും.
വനിതകളുടെ 65 കി.ഗ്രാം സീനിയര്‍ വിഭാഗത്തിലാണ് സുനീറാ സിറാജ് മാറ്റുരയ്ക്കുന്നത്. എറണാകുളം കോലഞ്ചേരിയില്‍ നടന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം ലെഫ്റ്റ്, റൈറ്റ് വിഭാഗങ്ങളില്‍ മെഡലുകള്‍ നേടിയാണ് സുനീറാ സിറാജ് ദേശീയ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിനു വേണ്ടി ജേഴ്‌സി അണിയുന്ന സുനീറാ സിറാജ് ജില്ലാ തലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ചാംപ്യന്‍ ഓഫ് ചാംപ്യനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി സുനീറ പെണ്‍കരുത്തിന് അടിവരയിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന തല മല്‍സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി നിരവധി ദേശീയം ചാംപ്യന്‍ഷിപ്പുകളിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം പല മല്‍സരങ്ങളിലും പങ്കെടുക്കാനായിട്ടില്ല.
ഭര്‍ത്താവും പഞ്ചഗുസ്തി ദേശീയ ചാംപ്യനുമായ ചേക്കാമിന്റെ പുരക്കല്‍ സിറാജാണ് പരിശീലകന്‍. മകന്‍ മുഹമ്മദ് ഷാഹിലും പഞ്ച ഗുസ്തിയില്‍ ജില്ലാ തല മല്‍സരത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാലിയം സ്വദേശിയായ ടി കെ മൊയ്തീന്‍ കോയ-റുഖിയ ദമ്പതികളുടെ മകളായ സുനീറ ചാലിയം ഓള്‍ഡ് ഫിഷര്‍മെന്‍ കോളനിയിലാണ് താമസിക്കുന്നത്.
അതേസമയം, ഉത്തര്‍പ്രദേശിലെ മധുരയില്‍ ജൂണ്‍ ഒന്നുമുതല്‍ നാലുവരെ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള ടീമംഗങ്ങള്‍ ചൊവ്വാഴ്ച യാത്രതിരിക്കുമെന്ന് സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പുരുഷവിഭാഗത്തെ മുന്‍ ദേശീയ ചാമ്പ്യന്‍ എം.എ.ദില്‍ഷാദ് ആണ് നയിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി പുരുഷവിഭാഗത്തിലും 10 വര്‍ഷമായി വനിതാ വിഭാഗത്തിലും കേരളമാണ് ചാമ്പ്യന്മാര്‍.