Spread the love
അഞ്ചു വ്യവസായ പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം

വ്യവസായ രംഗത്തെ മികച്ച പ്രകടനത്തിന് കിന്‍ഫ്രയുടെ കീഴിലുള്ള അഞ്ചു പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാര്‍ക്കുകളുടെ ഗണത്തിലാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം കേരളത്തിലെ അഞ്ചു കിന്‍ഫ്രപാര്‍ക്കുകളെ തെരഞ്ഞെടുത്തത്.
കിന്‍ഫ്ര കളമശ്ശേരി ഹൈടെക് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, എറണാകുളം സ്‌മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, കഞ്ചിക്കോട് ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് എന്നിവയാണ് മികച്ച പാര്‍ക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല ഇന്ത്യയിലെ മികച്ച 15 സെസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ മേഖലകള്‍ക്ക് പ്രത്യേകമായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സുരക്ഷ, ബിസിനസ് സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ കിന്‍ഫ്ര പാര്‍ക്കുകള്‍ മികച്ച പ്രകടനം നടത്തിയതായി പാര്‍ക്ക് റേറ്റിംഗ് സിസ്റ്റം വിലയിരുത്തി. ബയോ ടെക്‌നോളജി മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം, ഹാന്‍ഡി ക്രാഫ്റ്റ്‌സ് എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കേരളത്തിലെ പാര്‍ക്കുകള്‍ മുന്നേറുന്നതായും റേറ്റിംഗ് സിസ്റ്റം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു.എന്‍. ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും, ലോകബാങ്ക് ഏജന്‍സികളും നിര്‍ദ്ദേശിച്ച ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് റേറ്റിംഗ് സിസ്റ്റം രാജ്യത്തെ വ്യവസായ പാര്‍ക്കുകളെ വിലയിരുത്തുന്നത്. രാജ്യത്തൊട്ടാകെയുള്ള 449 പാര്‍ക്കുകളുടെയും അത്രയും തന്നെ സോണുകളുടെയും പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം വിലയിരുത്തിയത്.

Leave a Reply