ഏഴാംനാളില്‍ ദേവിയുടെ കാളരാത്രി ഭാവമാണ് പൂജയ്ക്കെടുക്കുന്നത്. ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്നത്. സര്‍വേശ്വരന്റെ ‘ഉപസംഹാര’ രൂപമാണിത്. കാളരാത്രി എന്ന ദേവീ അവതാരത്തെയാണ് നവരാത്രിയുടെ ഏഴാം ദിവസമായ സപ്തമിയില്‍ ആരാധിക്കുന്നത്. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്നു ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാളരാത്രിയുടെ ആരാധന.
കാളരാത്രി എന്ന പേര് വിഘടനത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. കറുത്ത ശരീരമാര്‍ന്ന കാളരാത്രി ഭാവം, ദുര്‍ഗ്ഗയുടെ രൗദ്ര രൂപമാണ്. വിദ്യുത്ശക്തി കൊണ്ടുള്ള ആഭരണങ്ങള്‍ പ്രാണോർജ്ജമായും, അഴിഞ്ഞതും ചിതറിയ രൂപത്തിലുള്ളതുമായ തലമുടി, തടയാനാകാത്ത ശക്തിയായും, നാന്ദകം സംഹാരത്തെയും സൂചിപ്പിക്കുന്നു. കാളരാത്രിയിലെ മുടിയുടെ അഴിച്ചിട്ട അവസ്ഥ സംഹാരത്തെ
സൂചിപ്പിക്കുന്നു. ഭക്തരോട് വാല്‍സല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി ഭാവം. നാലു കരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതു കരം സദാ ഭക്തരെ ആശീർവദിക്കുന്നു. അതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.