സരസ്വതി പൂജയും വിദ്യാരംഭവുമാണ് നവരാത്രി . മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വ്വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്ന് ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒന്‍പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്‍ജ്ജിച്ചുവെന്നതാണ് നവരാത്രിയുടെ ഐതീഹ്യം. തിന്മയുടെ മേല്‍ നന്മയുടെ വിജയമെന്നതാണ് കാതൽ.
നവരാത്രിയില്‍ പാര്‍വ്വതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൃഷ്ടിയുടെ ഊര്‍ജ്ജം അണ്ഡത്തില്‍ സൂക്ഷിച്ചവള്‍ ‘ എന്നാണ് ഈ നാമത്തിന്റെ അര്‍ഥം. സൂര്യദേവന്റെ ലോകത്തില്‍ താമസിക്കുന്ന, പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കുഷ്മാണ്ഡ ദേവി. കുഷ്മാണ്ഡാദേവി ‘അഷ്ടഭുജ’യാണ്. ഏഴ് കൈകളില്‍ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാന്‍ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തില്‍ ധരിച്ചിട്ടുള്ളത്. സിംഹമാണ് ദേവീ വാഹനം. സൂര്യനെ നിയന്ത്രിക്കുന്ന ദേവതയായതിനാല്‍ തന്നെ ചുവന്നപുഷ്പങ്ങള്‍ക്കൊണ്ടുള്ള പൂജയാണ് ഈ ദിനം ദേവിക്ക് പ്രിയം. ദേവിയെ കൂഷ്മാണ്ഡ ഭാവത്തില്‍ ആരാധിച്ചാൽ എല്ലാവിധ രോഗപീഡകളില്‍ നിന്ന് മുക്തിയും സമൂഹത്തില്‍ സ്ഥാനവും കീര്‍ത്തിയും ലഭ്യമാകുമെന്നും വിശ്വാസമുണ്ട്.